Skip to main content

കുട്ടികളുടെ സുരക്ഷ-അവകാശ സംരക്ഷണം:   ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ 14ന് തുടങ്ങും

അന്താരാഷ്ട്ര ബാലാവകാശവാരാചരണത്തോടനുബന്ധിച്ച് ബാലനീതി നിയമം, ബാല ലൈംഗീക പീഢനനിരോധന നിയമം(പോക്സോ) ബാലാവകാശ സംരക്ഷണം എന്നിവയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും.

നവംബര്‍ 14 മുതല്‍ 20 വരെ ജില്ലാ ശിശു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചൈല്‍ഡ്ലൈനുമായി സഹകരിച്ച്  ബോധവത്കരണം, ഫ്ലാഷ് മോബ്, വാഹനപ്രചാരണം , തിയറ്റര്‍ വഴിയുളള പ്രചാരണം തുടങ്ങിയവയാണ്  സംഘടിപ്പിക്കുക. നവംബര്‍ 14-ന് ശിശുദിനത്തില്‍ കൂട്ടയോട്ടത്തോടെയാകും തുടക്കം. മാതാപിതാക്കള്‍ക്കും സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും  പുറമെ തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് പ്രവര്‍ത്തകര്‍, സ്‌ക്കൂള്‍ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളുടെ ബോധവത്കരണം നടത്തും. സമൂഹത്തിലെ താഴെ തട്ടിലേക്കിറങ്ങി ചെന്നുളള പ്രചാരണപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബുവിന്റെ  ചേബറില്‍ അവലോകന യോഗം ചേര്‍ന്നു.

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോസ് പോള്‍, ജില്ല സാമൂഹിക നീതി ഓഫീസര്‍ പി.മീര, ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ ജോര്‍ജ്ജ് പുത്തന്‍ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date