Skip to main content

അട്ടത്തോട്ടിലെ ക്രഷിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കും

    അട്ടത്തോട്ടില്‍ ശിശുസംരക്ഷണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രഷിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഏറെയുള്ള അട്ടത്തോട്ടിലെ ക്രഷിന്റെ പ്രവര്‍ത്തനം നിലച്ചത് സ്ഥലവാസികള്‍ക്ക്  ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിച്ച് ക്രഷിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടത് ഏറെ അത്യാവശ്യമാണെന്ന്  ആവശ്യമുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 
    കുട്ടികളുടെ സ്വസ്ഥമായ വളര്‍ച്ചയും വികാസവും ഉറപ്പ് വരുത്തുന്നതിനായി ശിശുക്ഷേമ സമിതി കടമ്മനിട്ടയില്‍ ആരംഭിച്ച തണല്‍ സംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി ശിശുക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും   ഭാഗത്തുനിന്ന് കുട്ടികള്‍ക്ക് ശാരീരികമോ മാനസികമോ ആയ പീഡനമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ക്ക് വൈദ്യ, നിയമസഹായങ്ങള്‍ തണല്‍ മുഖേന ലഭ്യമാക്കും. കൂടാതെ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്ക് സാമൂഹിക പരിരക്ഷ, വൈദ്യശുശ്രൂഷ, കൗണ്‍സിലിംഗ് എന്നിവ നല്‍കുന്നതിനും സംവിധാനമുണ്ട്. ശൈശവ വിവാഹം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ തണലിന്റെ ടോള്‍ഫ്രീ നമ്പരായ 1517ല്‍ അറിയിക്കണം. കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം, ബാലവേല, മയക്കുമരുന്നിന്റെ ദൂഷിത വലയം എന്നിവയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള കൗണ്‍സിലിംഗും തണലിന്റെ ആഭിമുഖ്യത്തില്‍ നല്‍കും. കുട്ടികളില്‍ കാണുന്ന ഹൈപ്പര്‍ ആക്ടിവിറ്റി, ശ്രദ്ധക്കുറവ്, പഠനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതിനുള്ള പരിഹാരവും ലഭ്യമാക്കുമെന്നും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 
    യോഗത്തില്‍ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ.ടി. കെ.ജി.നായര്‍, ആര്‍.ഭാസ്‌കരന്‍ നായര്‍, സരസമ്മ നടരാജന്‍, കെ.കെ.വിജയകുമാര്‍, ഡോ.സന്തോഷ് കുമാര്‍, വിദ്യാഭ്യാസ  ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ.ഗോപി, എഡിസി രശ്മിമോള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.                                   

date