Skip to main content

മികവാര്‍ന്ന പദ്ധതികള്‍ക്ക് അംഗങ്ങളുടെ പ്രശംസ      

പദ്ധതികള്‍ക്കൊപ്പം അനുയോജ്യമായ പേരുകളും നല്‍കിയുള്ള ജില്ലാ പഞ്ചായത്തിന്റെ മൂന്നാമത്തെ ബജറ്റിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അഭിനന്ദനം. വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നാടിന്റെ നന്‍മ മന്‍നിര്‍ത്തിയുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളാണ് മുന്‍വര്‍ഷങ്ങളിലെ ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതെന്ന് വൈസ് പ്രസിഡണ്ട് പി പി ദിവ്യ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ അഭിപ്രായപ്പെട്ടു. നിലവിലെ ഐക്യം തടരും.  പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കുന്നതില്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ സഹകരണം പ്രധാനമാണ്. ജില്ലയുടെ കാര്യത്തില്‍ ഭൂരിപക്ഷം ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സമീപനമാണ് ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം വിജയകരമായി നടപ്പിലാക്കിയ പദ്ധതികളും കൂടുതല്‍ ശക്തമായി നടപ്പിലാക്കാനാകുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
    ഒന്നില്‍ തുടങ്ങാം പദ്ധതി എയിഡഡ് സ്‌കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ഭരണസമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തിന് അനുകൂലമായ സമീപനമാണെന്നും സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി അടുത്ത വര്‍ഷം പദ്ധതിയില്‍ അവയെ കൂടി ഉള്‍പ്പെടുത്തുമെന്നും വൈസ് പ്രസിഡന്റ് അറിയിച്ചു. 
    ഗ്രാമ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതാണ് ബജറ്റിലെ മിക്ക പദ്ധതികളുമെന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു പറഞ്ഞു. സമൂഹത്തിന്റെ നാനാമേഖലകളെയും സ്പര്‍ശിക്കുന്ന പദ്ധതികളാണ് ബജറ്റിലേതെന്ന് ചര്‍ച്ചയില്‍ ജില്ലാ പഞ്ചാത്തംഗം കെ നാണു അഭിപ്രായപ്പെട്ടു. റോഡിന്റെ സംരക്ഷണത്തിന് പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്ന ആവശ്യം യോഗം അംഗീകരിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ മേഖലകളില്‍ അത് തടയുന്നതിന് ബജറ്റില്‍ പ്രഖ്യാപിച്ച തുക കുറഞ്ഞുപോയതായി  തോമസ് വര്‍ഗീസ് അഭിപ്രായപ്പെട്ടു. വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ തുടങ്ങണമെന്ന് അന്‍സാരി തില്ലങ്കേരി പറഞ്ഞു. സ്വയം പര്യാപ്തകാര്‍ഷിക ഗ്രാമം പദ്ധതിയില്‍ മലയോര മേഖലയ്ക്ക് കൂടുതല്‍ പരിഗണന വേണമെന്ന് ജോയ് കൊന്നക്കല്‍ പറഞ്ഞു. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്ക് വഴിയൊരുക്കുന്ന ബജറ്റാണെന്ന് അജിത്ത് മാട്ടൂല്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് കൈത്താങ്ങായി നില്‍ക്കുകയും സാമൂഹിക നീതിയിലധിഷ്ഠിതമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതുമാണ് ബജറ്റെന്ന് കെ.പി ചന്ദ്രന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നു നടത്തുന്ന വഴിവിട്ട രീതികള്‍ നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന് സണ്ണി മേച്ചേരി അഭിപ്രായപ്പെട്ടു. പൂക്കാലം വരവായി എന്നു വിശേഷിപ്പിക്കാവുന്നതാണ് ബജറ്റന്ന് പി.പി ഷാജിര്‍ പറഞ്ഞു. ആര്‍ അജിത, പി ഗൗരി, മാര്‍ഗരറ്റ് ജോസ്, പി.കെ സരസ്വതി, കെ മഹിജ, പി വിനീത, ടി ആര്‍ സുശീല, പി കെ സരസ്വതി, പി ജാനകി ടീച്ചര്‍, സുമിത്ര ഭാസ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.സി മോഹനന്‍, വി.വി പ്രീത എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

date