Skip to main content

ജില്ലയുടേത് വികസനത്തിനായി ഒറ്റക്കെട്ടായി നിന്ന  പാരമ്പര്യം: കെ.വി സുമേഷ്     

നാടിന്റെ വികസന സങ്കല്‍പങ്ങള്‍ നിര്‍വചിക്കുന്നത് കാലമാണെന്നും സമൂഹത്തിന്റെ വികസന കാഴ്ചപ്പാടുകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ബജറ്റാണ് ജില്ലാ പഞ്ചായത്തിന്റേതെന്നും പ്രസിഡന്റ് കെ.വി സുമേഷ്. ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരണ യോഗത്തില്‍ ആമുഖ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു രൂപ പോലും നഷ്ടപരിഹാരം വാങ്ങാതെ ഏക്കര്‍ കണക്കിന് ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയ ചരിത്രമാണ് നമ്മുടെ നാടിന് പറയാനുള്ളത്. മലയോര ഹൈവേ യാഥാര്‍ഥ്യമാക്കാന്‍ ഒട്ടനവധി കര്‍ഷകര്‍ അവരുടെ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. സാങ്കേതികമായ തടസ്സവാദങ്ങള്‍ ഉന്നയിച്ച് നാടിന്റെയും ജനങ്ങളുടെയും വികസന സംരംഭങ്ങളെ അട്ടിമറിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
    രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ നാടിന്റെ പൊതുനന്‍മയെ മുന്‍നിര്‍ത്തിയുള്ള വികസനങ്ങളെ പൂര്‍ണമനസ്സോടെ പിന്തുണച്ചതാണ് ജില്ലയുടെ പാരമ്പര്യം. നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തി ജില്ലയുടെ വികസനക്കുതിപ്പിന് തടയിടാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലം മാപ്പുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്റെ ആകെ വികസനത്തിനും വളര്‍ച്ചയ്ക്കും ആയിരിക്കണം നാം കൈകോര്‍ക്കേണ്ടത്.  
    വാര്‍ഷിക പദ്ധതിയും ബജറ്റും പദ്ധതി നിര്‍വഹണവും പരസ്പര പൂരകമായിത്തീരുന്ന അനുഭവമാണ് ജില്ലാ പഞ്ചായത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. പൊതുവെ ആസൂത്രണ ഘട്ടത്തില്‍ വിഭാവനം ചെയ്യപ്പെടുന്ന രീതിയലല്ല പദ്ധതി നിര്‍വഹണം നടക്കാറ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളിലേറെയും ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ നടപ്പിലാക്കാനായി. ഇത്തവണത്തെ ബജറ്റും വാര്‍ഷിക പദ്ധതിയോട് കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 
ത്രിതല പഞ്ചായത്തുകളുടെയും ജനങ്ങളുടെയും സഹകരണത്തിലൂടെ മാത്രമേ എത്ര മികച്ച പദ്ധതിയും നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. അത്തരമൊരു സഹകരണം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് നടത്തുന്നത്. എന്റെ പദ്ധതി എന്ന മൊബൈല്‍ ആപ്പ് വഴിയും നേരിട്ടും പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി യാണ് ജില്ലാ പദ്ധതിയും ബജറ്റും തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.     

date