Skip to main content

നൂതന പ്രവർത്തനങ്ങളുടെ  അവതരണവുമായി 'എക്‌സലൻഷ്യ'

കണ്ണൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ 2017-18 അധ്യയന വർഷത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച 44 പ്രൈമറി വിദ്യാലയങ്ങളിൽ നൂതന പ്രവർത്തനങ്ങളുടെ അവതരണമായ എക്‌സലൻഷ്യ 2018 പാലയാട് ഡയറ്റിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേയും ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45000 ക്ലാസ്സ് മുറികൾ വരുന്ന മൂന്നു വർഷത്തിനകം ഹൈടെക് ആക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നു. ചിട്ടയോടെ പ്രവർത്തിക്കുന്നതിനുള്ള അക്കാദമിക മാസ്റ്റർപ്ലാനും ഇതിനകം രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. സമൂഹത്തെ ആകർഷിക്കാനുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കേണ്ടതുണ്ട്.  ഓരോ വിദ്യാർഥിയേയും ഓരോ യൂണിറ്റായി കണ്ട് ഓരോരുത്തരുടേയും താല്പര്യത്തിനനുസരിച്ചുള്ള പഠനപ്രവർത്തനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളെക്കുറിച്ച് ഡയറ്റ് നടത്തിയ പഠന റിപ്പോർട്ട് ചടങ്ങിൽ സമർപ്പിച്ചു.  കെ.ടെറ്റ് പരീക്ഷയിൽ വിജയികളായ 14 അധ്യാപക വിദ്യാർത്ഥികൾക്ക് ഉപഹാര വിതരണം നടത്തി. തുടർന്ന് മൂന്നു വേദികളിലായി മികച്ച പ്രവർത്തനങ്ങളുടെ അവതരണം നടന്നു.

ഡയറ്റ് പ്രിൻസിപ്പൽ കെ. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എ പ്രൊജക്ട് ഓഫീസർ ഡോ.പി.വി.പുരുഷോത്തമൻ, ഡയറ്റ് സീനിയർ ലക്ചറർ പി.യു.രമേശൻ, മുൻ ഡയറ്റ് പ്രിൻസിപ്പാൾമാരായ സി.എം.ബാലകൃഷ്ണൻ, ഡോ.പി.വികൃഷ്ണകുമാർ, എസ്.എസ്.എ. മുൻ  ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ.വിജയൻ ചാലോട്, വി.വി.പ്രേമരാജൻ എന്നിവർ സംസാരിച്ചു.

 

date