Skip to main content

കളക്ടറേറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവില്‍വന്നു എല്ലാ ഓഫീസുകളിലേക്കും ബയോമെട്രിക് പഞ്ചിംഗ്  വ്യാപിപ്പിക്കുന്നതിന് ശിപാര്‍ശ ചെയ്യും: ജില്ലാ കളക്ടര്‍

     വിരലടയാളം തിരിച്ചറിഞ്ഞ് ഹാജര്‍  രേഖപ്പെടുത്തുന്ന ഏറ്റവും ആധുനികമായ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പത്തനംതിട്ട കളക്ടറേറ്റില്‍ നിലവില്‍ വന്നു. ഇന്നലെ മുതല്‍ കളക്ടറേറ്റിലെ റവന്യു ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലായി.ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ ഉള്‍പ്പെടെ 135 റവന്യു ഉദ്യോഗസ്ഥരാണ് ബയോമെട്രിക് സംവിധാനത്തിലൂടെ ഹാജര്‍  രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന അതേ സംവിധാനമാണ് ഇവിടെയും ഒരുക്കിയിട്ടുള്ളത്. നിലവില്‍ രണ്ട് ബയോമെട്രിക് പഞ്ചിംഗ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കാര്‍ഡ്  ഉപയോഗിച്ചുള്ള പഞ്ചിംഗ് സംവിധാനമാണ് ഇതുവരെ കളക്ടറേറ്റിലുണ്ടായിരുന്നത്.  ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍  ആര്‍. ഗിരിജ നിര്‍വഹിച്ചു. കളക്ടറേറ്റിലുള്ള എല്ലാ ഓഫീസുകളെയും ബയോമെട്രിക് സംവിധാനത്തിനു കീഴിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലയിലെ എല്ലാ ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം ആരംഭിക്കുന്നതിനുള്ള ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാ ദിവസവും 10.20ന് ഹാജര്‍  നേരിട്ട് പരിശോധിക്കാറുണ്ട്. ലീവ് അല്ലാത്ത എല്ലാവരും 10.15ന് മുന്‍പ് വരുന്ന ശീലമാണ് പത്തനംതിട്ട കളക്ടറേറ്റിലുള്ളത്. എല്ലാ ഓഫീസുകളും പഞ്ചിംഗ് സംവിധാനത്തിലേക്കു മാറുന്ന സാഹചര്യത്തില്‍ കളക്ടറേറ്റിലും ഇതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുകയായിരുന്നെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം കെ. ദിവാകരന്‍ നായര്‍, ഡെപ്യുട്ടി കളക്ടര്‍മാരായ പി.ടി. ഏബ്രഹാം, എന്‍. ജയശ്രീ, അജന്താകുമാരി എന്നിവരും ജീവനക്കാരും സന്നിഹിതരായിരുന്നു. 
ജില്ലാകളക്ടര്‍, എഡിഎം, ഹുസൂര്‍ ശിരസ്തദാര്‍ എന്നിവരുടെ കംപ്യൂട്ടറില്‍ ജീവനക്കാരുടെ ഹാജര്‍ വിവരം തല്‍സമയം ലഭിക്കുന്നതാണ് പുതിയ സംവിധാനം. ജീവനക്കാരുടെ സേവന-വേതന വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍  കഴിയുന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ രാവിലെ 10.10 കഴിഞ്ഞ് 11 മണിവരെ ഹാജര്‍  രേഖപ്പെടുത്തുന്നവരെ വൈകിയതായി(ലേറ്റ്) കണക്കാക്കും. ഇങ്ങനെ മൂന്നു ദിവസം വൈകിയാല്‍ ഒരു ലീവ് നഷ്ടപ്പെടും. രാവിലെ 11ന് ശേഷം ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ ഹാഫ് ഡേ ലീവാകും. ബയോമെട്രിക് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള റവന്യു ജീവനക്കാര്‍ക്ക് ഓരോരുത്തര്‍ക്കും യൂസര്‍നെയിമും പാസ് വേഡും നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് അവധി ആവശ്യമുള്ളപ്പോള്‍ കംപ്യൂട്ടര്‍ മുഖേന ഓണ്‍ലൈനായി ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തില്‍ അപേക്ഷ നല്‍കാം. ഇതിനു പുറമേ ഹുസൂര്‍  ശിരസ്തദാര്‍ക്ക് നേരിട്ടും അവധി അപേക്ഷ നല്‍കാം. ഇങ്ങനെ ലഭിക്കുന്ന അവധി അപേക്ഷ ഹുസൂര്‍  ശിരസ്തദാര്‍ ബയോമെട്രിക്  പഞ്ചിംഗ് സംവിധാനത്തില്‍ രേഖപ്പെടുത്തും. ഓരോ ജീവനക്കാര്‍ക്കും എത്ര ദിവസം തങ്ങള്‍ വൈകി വന്നു, എത്ര ലീവെടുത്തു തുടങ്ങിയ വിവരങ്ങളും യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് അറിയാം. റവന്യു വകുപ്പില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ബയോമെട്രിക് സംവിധാനം നടപ്പാക്കിയത്.                       
 

date