Skip to main content

തദ്ദേശ സ്ഥാപനങ്ങള്‍ 2018-19 വാര്‍ഷിക പദ്ധതിക്ക്  എത്രയും വേഗം അംഗീകാരം നേടണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ എത്രയും വേഗം 2018-19 വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടണമെന്ന് ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. രണ്ടു  ബ്ലോക്ക് പഞ്ചായത്തുകളുടെയും ഏഴ് ഗ്രാമപഞ്ചായത്തുകളുടെയും 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളാണ് ഇതുവരെ  അംഗീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള 46 ഗ്രാമപഞ്ചായത്തുകളും ആറു ബ്ലോക്കു പഞ്ചായത്തും നാല് നഗരസഭകളും ജില്ലാ പഞ്ചായത്തും 2018-19  സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് അംഗീകാരം നേടേണ്ടതുണ്ട്. പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നേടുന്നതിനും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പദ്ധതികള്‍ മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് നിര്‍ദേശിച്ചു.
    പറക്കോട്  ബ്ലോക്ക് പഞ്ചായത്തിന്റെയും  റാന്നി പെരുനാട്, റാന്നി, മലയാലപ്പുഴ, പുറമറ്റം, വെച്ചൂച്ചിറ, കല്ലൂപ്പാറ, നാറാണംമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും 2018-19 വാര്‍ഷിക  പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാപഞ്ചായത്തിന്റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെയും 2017-18 വാര്‍ഷിക  പദ്ധതി  ഭേദഗതിയും യോഗം അംഗീകരിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെയും 2018-19 വാര്‍ഷിക പദ്ധതി കഴിഞ്ഞ ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക  പദ്ധതിക്ക് അംഗീകാരം നല്‍കുന്നതിനായി ഈമാസം 24നും 28നും ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ആസൂത്രണ സമിതി യോഗം വീണ്ടും ചേരും. 
    പദ്ധതി അംഗീകാരം ലഭിച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ വെറ്റ് ചെയ്യേണ്ട പദ്ധതികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട വെറ്റിംഗ് ഓഫീസര്‍ക്ക് അയച്ചു നല്‍കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍  വി.ആര്‍.മുരളീധരന്‍ നായര്‍ പറഞ്ഞു. ഇതിനുള്ള നിര്‍ദേശങ്ങള്‍  മാര്‍ഗരേഖയിലുണ്ട്. വിഹിതം ഡെപ്പോസിറ്റ് ചെയ്യുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ വേണ്ടിയുള്ള പദ്ധതികള്‍ക്ക് വെറ്റിംഗ് ഓഫീസറുടെ അംഗീകാരം ആവശ്യമില്ല. പകരം അംഗീകാര യോഗ്യമാണെന്നുള്ള നിര്‍വഹണ ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം മാത്രം മതിയാകും. നിര്‍മാണ പ്രവൃത്തികള്‍ ഒഴികെയുള്ള മറ്റ് പദ്ധതികള്‍ക്ക് ബന്ധപ്പെട്ട വെറ്റിംഗ് ഓഫീസറില്‍ നിന്നും  അംഗീകാരം നേടണം. വെറ്റിംഗ് സംബന്ധിച്ച് ഏപ്രില്‍ അഞ്ചിന് ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ  ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കും. 
    നിര്‍മാണ പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട എന്‍ജിനിയറില്‍ നിന്നും അംഗീകാരവും സാങ്കേതിക അനുമതിയും നേടണം. സോളാര്‍ എനര്‍ജിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കും.ജില്ലാ തലത്തില്‍ പരിശോധിച്ച് അംഗീകാരം നല്‍കാന്‍ കഴിയാത്തതോ, ഉയര്‍ന്ന തലത്തിലെ സാങ്കേതിക പരിശോധന ആവശ്യമായതോ ആയ പദ്ധതികള്‍ ബന്ധപ്പെട്ട സംസ്ഥാനതല സമിതികള്‍ക്ക് ഓണ്‍ലൈനായി നല്‍കണം. 2018-19ലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് പരമാവധി  പാര്‍ട്ട് ബില്ലുകള്‍  തയാറാക്കി നല്‍കണം. നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള വിശദമായ എസ്റ്റിമേറ്റ് ഏപ്രില്‍  ആദ്യം തയാറാക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും നേടണം. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പദ്ധതികള്‍ 2018-19 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തുന്നതിന് തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാര്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാ പ്ലാനിംഗ് ഓഫീസര്‍  അഭ്യര്‍ഥിച്ചു.  ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ സാം ഈപ്പന്‍, ലീലാ മോഹന്‍, ബിനി ലാല്‍, ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്  അധ്യക്ഷന്മാര്‍, അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍  പങ്കെടുത്തു.                                                                
 

date