Skip to main content

23 സബ് രജിസ്ട്രാർ ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

 

സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി രജിസ്‌ട്രേഷൻ വകുപ്പിലെ 23 സബ്‌രജിസ്ട്രാർ ഓഫീസുകളുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്തും രജിസ്‌ട്രേഷനും മന്ത്രി ജി.സുധാകരന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ചു.  

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവത്ക്കരണത്തിന്റെ പാതയിലൂടെ കൂടുതൽ ജനസൗഹാർദ്ദപരമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഴിമതി രഹിത മേഖലയായി രജിസ്‌ട്രേഷൻ വകുപ്പിനെ മാറ്റുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന വീഡിയോ കോൺഫറൻസിൽ തിരുവനന്തപുരം ജില്ലയിലെ കന്യാകുളങ്ങര, മലയിൻകീഴ്, നാവായിക്കുളം, കാഞ്ഞിരംകുളം, ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം, എറണാകുളം ജില്ലയിലെ കുഴിപ്പിള്ളി, കോതമംഗലം, ഇടുക്കി ജില്ലയിലെ തൊടുപുഴ, തോപ്രാംകുടി, ഉടുമ്പൻചോല, തൃശൂർ ജില്ലയിലെ കല്ലേറ്റിൻകര, അക്കിക്കാവ്, കുന്നംകുളം, പഴയൂർ, മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, താനൂർ, കല്പകഞ്ചേരി, തേഞ്ഞിപ്പലം, പാലക്കാട് ജില്ലയിലെ ചെർപ്ലശ്ശേരി, കോഴിക്കോട് ജില്ലയിലെ പയ്യോളി, പേരാമ്പ്ര, നടുവണ്ണൂർ, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് എന്നീ 23 സബ്‌രജിസ്ട്രാർ ഓഫീസുകളുടെ നിർമ്മാണോദ്ഘാടനമാണ് നിർവ്വഹിച്ചത്. സ്ഥലം എം.എൽ.എ. മാരുടെ നേതൃത്വത്തിൽ എം.പിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി പ്രാദേശികമായി വിപുലമായ ശിലാസ്ഥാപന യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.

 

പി.എൻ.എക്സ്. 641/19

date