Skip to main content

പദ്ധതി നിര്‍വഹണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍വകാല റെക്കോഡ്

സംസ്ഥാനത്തെ ആറ് നഗരസഭകള്‍ക്കും 160 ഗ്രാമപഞ്ചായത്തുകള്‍ക്കും ഏഴ് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും കൊല്ലം കോര്‍പ്പറേഷനും നൂറുമേനി. പദ്ധതി നിര്‍വഹണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍വകാല റെക്കോഡ്.
    തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റത്തോടെ കേരളം ചരിത്രമെഴുതി. സംസ്ഥാനത്തെ 160 ഗ്രാമപഞ്ചായത്തുകളും ഏഴ് ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചു. ആറ് നഗരസഭകളും കൊല്ലം കോര്‍പ്പറേഷനും മുഴുവന്‍ പദ്ധതി തുകയും ചെലവഴിച്ച് നൂറു ശതമാനം ലക്ഷ്യം കൈവരിച്ചു.  83.77 ശതമാനമാണ് ഈ വര്‍ഷത്തെ സംസ്ഥാന ശരാശരി. പെന്റിങ്ങ് ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ ഇത് 90.13 ശതമാനമാകും. ഇത് സര്‍വകാല റെക്കോഡാണ്. 60.78 ശതമാനമായിരുന്നു മുന്‍ വര്‍ഷത്തെ ചെലവ്. വകയിരുത്തിയ 6194. 65 കോടി രൂപയില്‍ 5583.35 കോടിയും ചെലവഴിച്ചാണ് ഈ അഭിമാനനേട്ടം.
    ഗ്രാമപഞ്ചായത്തുകള്‍ 89.17 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 87.64 ശതമാനവും ജില്ലാപഞ്ചായത്തുകള്‍ 69.28 ശതമാനവും തുക ചെലവഴിച്ചു. 90.14 ശതമാനം തുക ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 
    പെന്റിംഗ് ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 96.07 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 88.07 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേത് 71.5 ശതമാനവും ആകും. സംസ്ഥാനത്തെ 287 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 90 ശതമാനത്തിനു മുകളില്‍ ചെലവുവരുത്തി. സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്ര ഉയര്‍ന്ന പദ്ധതി ചെലവ് രേഖപ്പെടുത്തുന്നത് ജനകീയാസൂത്രണത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. 2014-15 ല്‍ 68.21 - ഉം 15-16 ല്‍ 73.61 ഉം ശതമാനമായിരുന്നു പദ്ധതി ചെലവ്. 2016-17 ല്‍ നോട്ട് നിരോധനം സൃഷ്ടിച്ച പ്രയാസങ്ങള്‍ക്കിടയിലും ഇത് 67.08 ശതമാനത്തില്‍ എത്തിക്കാന്‍ സംസ്ഥാനത്തിനായി. ഈ നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് 90.13 ശതമാനമെന്ന റെക്കോഡ് നേട്ടം സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൈവരിക്കുന്നത്.
    മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പദ്ധതി നിര്‍വഹണത്തിന് 10 മാസത്തോളം സമയം ലഭിച്ചു. പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു. കൃത്യമായ ഇടവേളകളില്‍ മുഖ്യമന്ത്രി നേരിട്ട്  നിര്‍വഹണപുരോഗതി വിലയിരുത്തി. ചരിത്രത്തില്‍ ആദ്യമായി, ഫെബ്രവരി മാസത്തെ പദ്ധതി നേട്ടം ഈ വര്‍ഷം 54. 38 ശതമാനത്തില്‍ എത്തിയിരുന്നു.  സാമ്പത്തികവര്‍ഷത്തിന്റെ അവസാനമാസം തിരക്കിട്ട് തുക ചെലവഴിക്കുന്ന രീതി രീതിക്ക് ഇതോടെ മാറ്റം വന്നിരിക്കുന്നു.
    ഈ വര്‍ഷത്തെ റവന്യൂ പിരിവിന്റെ കാര്യത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. 82 ഗ്രാമ പഞ്ചായത്തുകള്‍ക്കും 47 മുനിസിപ്പാലിറ്റികള്‍ക്കും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് നേടാനായി. 814.77 കോടിയുടെ വസ്തു നികുതി ലക്ഷ്യമിട്ടതില്‍ 576.10 കോടിയും പിടിച്ചെടുത്തു. ഇത്  70.70 ശതമാനം വരും.
    1200 തദ്ദേശഭരണസ്ഥാപനങ്ങളില്‍ 1147 എണ്ണവും 2018-19 ലെ  വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു കഴിഞ്ഞു. ഇത് മറ്റൊരു സര്‍വകാല റെക്കോഡാണ്. 7000 കോടി രൂപയുടെ വികസനഫണ്ടടക്കം 10779.59 കോടി രൂപയാണ്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ബജറ്റ്  വകയിരുത്തല്‍. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ തുകയും ഇതിനു പുറമേയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, വയനാട്, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍വഹണം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പി.എന്‍.എക്‌സ്.1223/18

date