കോവിഡ്; മൃതദേഹം സംസ്‌കരിക്കും മുമ്പേ ശ്രദ്ധ വേണം
കോവിഡ് മൂലം മരണപ്പെടുമ്പോള്‍ മൃതദേഹം കോവിഡ് പോസിറ്റീവ് രോഗിയുടേത് പോലെതന്നെ കൈകാര്യം ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ആശുപത്രിയില്‍ മരണം സംഭവിക്കുമ്പോള്‍ മൃതദേഹം വിട്ടുകിട്ടുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ അറിയിക്കുകയും അതത് പ്രഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ അനുമതിപത്രം ഹാജരാക്കേണ്ടതുമാണ്. സംസ്‌കാര ചടങ്ങില്‍ വളരെക്കുറച്ച് പേര്‍ക്ക് പങ്കെടുക്കാം. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം നിര്‍ബന്ധമായും പാലിക്കണം. ആശുപത്രിയില്‍ നിന്നും മൃതദേഹം പൊതിഞ്ഞു നല്‍കുന്ന ബാഗ് ഒരുകാരണവശാലും തുറക്കരുത്. അടുത്ത ബന്ധുക്കള്‍ക്ക് സംസ്‌കാരത്തിന് തൊട്ടുമുന്‍പ് മുഖം കാണുന്നതിന് സൗകര്യം ഒരുക്കും.
ബാഗ് തുറന്ന് മതപരമായ കുളിപ്പിക്കല്‍, പൂജകള്‍ എന്നിവ ഒരുകാരണവശാലും പാടില്ല. മൃതദേഹത്തില്‍ നിന്നും രണ്ടു മീറ്റര്‍ അകലം പാലിച്ച് സ്പര്‍ശിക്കാതെ കര്‍മ്മങ്ങള്‍ ചെയ്യാം. മൃതദേഹത്തില്‍ ആലിംഗനം, അന്ത്യചുംബനം ഇവ പാടില്ല. മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് ശരിയായ രീതിയില്‍ പി പി ഇ കിറ്റ് ധരിച്ചിരിക്കണം. മൃതദേഹം ദര്‍ശിക്കുന്ന ബന്ധുക്കള്‍ ഗ്ലൗസ്, മാസ്‌ക് ഇവ ധരിച്ച് രണ്ട് മീറ്റര്‍ അകലം പാലിച്ച് നില്‍ക്കണം. മൃതദേഹം കണ്ടതിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അറിവോടെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കൃത്യസമയത്ത് മൃതദേഹം സംസ്‌കരിക്കണം. പി പി ഇ കിറ്റുകള്‍ ശാസ്ത്രീയമായി നശിപ്പിക്കണം. ചടങ്ങുകള്‍ 20 മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം മരണപ്പെടുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച് പി പി ഇ കിറ്റിന് പകരം എന്‍ 95 മാസ്‌കും ഗ്ലൗസും ഉപയോഗിച്ച് മൃതദേഹം കൈകാര്യം ചെയ്യണം. സംസ്‌കാരത്തിന് ശേഷം ഒരു ശതമാനം ഹൈപ്പോക്ലോറേറ്റ് ലായനി ഉപയോഗിച്ച് വീടും പരിസരവും അണുവിമുക്തമാക്കണം.
മരണാനന്തര ചടങ്ങുകളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡപ്രകാരം മാത്രം പങ്കാളിത്തം പാടുള്ളൂ. കോവിഡ് നിയന്ത്രണ വിധേയമാകുന്നതിന് പൊതുജനങ്ങള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഡി എം ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2945/2020)
- Log in to post comments