Skip to main content

വസ്തു നികുതി സമാഹരണം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് ചരിത്ര നേട്ടം

 

 

കൊച്ചി: ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വസ്തു നികുതിയിനത്തില്‍ 67 കോടിയിലധികം രൂപ (67,86,73,000) പിരിച്ചെടുത്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. 

ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചെലവുകള്‍ക്കുമായുളള തനതു ഫണ്ട് വരുമാനത്തിന്റെ മുഖ്യ സ്രോതസായ വസ്തു നികുതി പരിവ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാര്യക്ഷമമായിരുന്നില്ല. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ കുടിശിക രഹിത പഞ്ചായത്തുകളായി മാറ്റുന്നതിനായുളള തീവ്രയജ്ഞ പരിപാടി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെയും പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറുടെയും നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. 

ഇത്തവണ ജില്ലയിലെ ചെല്ലാനം, ചൂര്‍ണിക്കര, കോട്ടപ്പടി, കുഴുപ്പിളളി, മണീട്, മഞ്ഞളളൂര്‍, മുളവുകാട്, നായരമ്പലം, പാമ്പാക്കുട, രാമമംഗലം, വടവുകോട്-പുത്തന്‍കുരിശ്, വരാപ്പുഴ, വാളകം, മുടക്കുഴ, പൈങ്ങോട്ടൂര്‍, പോത്താനിക്കാട്, കടമക്കുടി, മുളന്തുരുത്തി, പിണ്ടിമന, കുമ്പളങ്ങി, പല്ലാരിമംഗലം, എടയ്ക്കാട്ടുവയല്‍ എന്നീ 22 ഗ്രാമപഞ്ചായത്തുകള്‍ 100 ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഗ്രാമപഞ്ചായത്തിന് പോലും ഈ ലക്ഷ്യം കൈവരിക്കാനായിരുന്നില്ല. 2017 സെപ്തംബര്‍ മുതല്‍ സംസ്ഥാന സര്‍ക്കാരും പഞ്ചായത്ത് ഡയറക്ടറും പുറപ്പെടുവിച്ച ഉത്തരവുകളുടെയും, നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍, ജില്ലാതല ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി നികുതി സമാഹരണത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു. കുടുംബശ്രീ മുതലായ സംവിധാനങ്ങളും, തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളില്‍ ഭാഗാക്കായി. ഐ.കെ.എം ന്റെ  സാങ്കേതിത സഹായത്തോടെ ഇ-പെയ്‌മെന്റ് സംവിധാനം മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഏര്‍പ്പെടുത്താനായതും നികുതിപിരിവിന് ഗുണകരമായി. തീവ്രയജ്ഞ ബോധവത്കരണ പരിപാടികള്‍ ജനങ്ങളിലേക്ക് എത്തിക്കാനായതായും നേട്ടമായി.

ഏപ്രില്‍ 30 നകം മുഴുവന്‍ ഗ്രാമപഞ്ചായത്തുകളെയും കുടിശിക രഹിത പഞ്ചായത്തുകളായി മാറ്റുക എന്ന ലക്ഷ്യത്തോടെ കുടിശിക നിവാരണ യജ്ഞം തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 

date