Skip to main content

എറണാകുളം അറിയിപ്പുകള്‍

ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സീനിയോറിറ്റി ലിസ്റ്റ് 

 

എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 2021-23 വര്‍ഷത്തേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിന്റെ ഭാഗമായി താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഫീസില്‍ നേരിട്ടെത്തിയോ www.eemployment.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ഓണ്‍ലൈനിലോ ലിസ്റ്റ് പരിശോധിക്കാം. പരാതികള്‍ നവംബര്‍ 30 നകം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റിലെ ഉദ്യോഗാര്‍ഥിയുടെ പേരിന് നേരേയുളള അപ്പീല്‍ മെനു മുഖേനയോ കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തിയോ പരാതിപ്പെടാം

 

റോട്ടറി ക്ലബ്ബ് കോവിഡ് ചികിത്സാ ഉപകരണങ്ങൾ നൽകി

 

എറണാകുളം: പി.വി.എസ് കോവിഡ് അപെക്സ് സെൻ്ററിലെ ഐ.സി.യുവിലേക്കാവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങളുടെ അനുബന്ധ സാമഗ്രികൾ കൈമാറി. കൊച്ചി റോട്ടറി ക്ലബ്ബും ഇന്നർ വീൽ ക്ലബുമാണ്ഒന്നര ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകിയത്. 

റോട്ടറി ക്ലബ് പ്രസിഡൻ്റ് രവീന്ദ്ര കൃഷ്ണൻ, റോട്ടറി ക്ലബ് ആരോഗ്യ പ്രതിനിധി ഡോ.ഗിരിധർ, ഇന്നർ വീൽ ക്ലബ് പ്രസിഡൻ്റ് കവിത ജോർജ്, വൈസ് പ്രസിഡൻ്റ് ഗീത കൃഷ്ണൻ എന്നിവർ സാമഗ്രികൾ കൈമാറി.

ഡോ. ആശ, ഡോ.ഹനീഷ്, ഡോ.ജുനൈദ്, ഡോ.അൻവർ എന്നിവർ ചേർന്ന്  ഏറ്റുവാങ്ങി. കോവിഡ് ചികിത്സാ രംഗത്ത് റോട്ടറി ക്ലബ് ഉൾപ്പടെയുള്ള വിവിധ സംഘടനകളുടെ സഹായങ്ങൾ മാതൃകാപരമാണെന്ന് ഡോ.ഹനീഷ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ആശുപത്രികളുടെ സഹകരണമാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ മുന്നോട്ട് നയിക്കുന്നത്.  ജിയോജിത്ത്, വി-ഗാർഡ് തുടങ്ങിയ സ്ഥാപനങ്ങളും സഹായങ്ങൾ നൽകിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളുടെയും സഹകരണം ആശുപത്രിയുടെ പ്രവർത്തനത്തിന് സഹായിച്ചിട്ടുണ്ടെന്നും ഹനീഷ് പറഞ്ഞു.

 

മികച്ച ജന്തു ക്ഷേമ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു 

 

2019-20 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഘടനകള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മൃഗസംരക്ഷണ വകുപ്പ്  അവാര്‍ഡ് നല്‍കുന്നു. താല്‍പര്യമുള്ളവര്‍  ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ല  വെറ്ററിനറി കേന്ദ്രം, ക്ലബ് റോഡ്, എറണാകുളം - 682011 എന്ന വിലാസത്തില്‍ 15/11/2020 ന് മുന്‍പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  0484-2351264 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

അറിയിപ്പുകള്‍

 

എറണാകുളം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്  നിലവിലെ ബോട്ട് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2020-21 സാമ്പത്തിക വര്‍ഷം ജില്ലയിലെ പരമ്പരാഗത യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ നിലവാരം ഉയര്‍ത്തി മത്സ്യം കേട് കൂടാതെ കയറ്റുമതി നിലവാരത്തിലെത്തിക്കുന്ന 'Upgradation of existing fishing vessels for export competency' എന്ന പദ്ധതി പ്രകാരമാണ് അപേക്ഷ. ജില്ലയില്‍ തോപ്പുംപടി, മുനമ്പം ഹാര്‍ബറുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.  നിലവില്‍ യന്ത്രവത്കൃത യാനങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുടമകള്‍ക്ക് അപേക്ഷിക്കാം. ഒരു യൂണിറ്റിന് 15 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 40% തുക (6 ലക്ഷം രൂപ) സബ്‌സിഡിയായി ലഭിക്കും.  നിലവിലെ  യന്ത്രവത്കൃത യാനത്തില്‍ Slurry Ice Unit, Bio Toilet എന്നീ സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. അപേക്ഷാ ഫോം എറണാകുളം (മേഖല) ഫിഷറീസ് ഓഫീസില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 15 വൈകിട്ട്5 മണിവരെ സ്വീകരിക്കും.

 

 

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

 

കൊച്ചി: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായുള്ള വിദ്യാഭ്യാസ അവാര്‍ഡിന് നിശ്ചിത തീയതിക്കുള്ളില്‍ ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് തൃശൂരുള്ള ചീഫ് എക്‌സിക്യുട്ടീവ് ഓഫീസിലേക്ക് , കാലതാമസത്തിനുള്ള മാപ്പപേക്ഷ സഹിതം, അപേക്ഷകള്‍ അയച്ചു കൊടുക്കാമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. വിലാസം: ചീഫ് എക്‌സിക്യുട്ടീവ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ് എന്‍ പാര്‍ക്ക്, പൂത്തോള്‍ പി ഒ, തൃശൂര്‍-4. അപേക്ഷകള്‍ നവംബര്‍ 17നകം തൃശൂര്‍ ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9400908695

 

സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ്

 

 

എറണാകുളം ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന റീജിയണല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. നവംബര്‍ 12 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2394476 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാകും. 

പ്രായം- 22 നും 45 നും മദ്ധ്യേ. വിദ്യാഭ്യാസ യോഗ്യത - അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ടെക് - കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം അല്ലെങ്കില്‍ ബി.ടെക് -ഇലക്‌ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍സ് ബിരുദം

 

സബ്സിഡി സ്കീമിൽ സൗരോർജ്ജ നിലയം

 

എറണാകുളം: ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡി സ്കീമിൽ സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ www.buymysun.com വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും അധികമായി വരുന്ന പത്ത് കിലോവാട്ട് വരെയുള്ള നിലയങ്ങൾക്ക് ഓരോ കിലോ വാട്ടിനും 20 ശതമാനം സബ്സിഡിയും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

 

മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണം: ജില്ലാ വികസന സമിതി

 

എറണാകുളം: ജില്ലയിലെ മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് ജില്ലാ വികസന കമീഷ്ണർ അഫ്സാന പർവീൺ നിർദ്ദേശിച്ചു. മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നുവെന്ന പരാതി പരിഗണിച്ചാണ് ജില്ലാ വികസന സമിതി യോഗത്തിൽ കമീഷ്ണർ നിർദ്ദേശം നൽകിയത്. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്താതാൻ സപ്ലൈകോ റീജിയണൽ മാനേജർക്ക് നിർദ്ദേശം നൽകിയതായി ജില്ലാ സപ്ലൈ ഓഫീസർ യോഗത്തിൽ അറിയിച്ചു. കോൺവെൻ്റുകൾ അഗതി മന്ദിരങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ റേഷൻ കാർഡ് അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 

 

കൊച്ചി നഗരത്തിലെ പ്രധാന റോഡുകളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതി പോസ്റ്റുകളിൽ മറ്റ് അനേകം കേബിളുകൾ കെട്ടുന്നത് അപകടങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്നുവെന്ന് ടി.ജെ.വിനോദ് എം എൽ എ യോഗത്തിൽ പരാതി ഉന്നയിച്ചു. നഗരത്തെ വികൃതമാക്കുന്ന ഇത്തരം കേബിളുകൾ നീക്കം ചെയ്യണമെന്നും എം എൽ എ ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത കമ്പനികളുടെ കേബിളുകൾ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി. 

ലൈഫ് ഭവനപദ്ധതിക്കു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിൻ്റെ വില നിർണയ നടപടികൾക്ക് കാലതാമസം ഒഴിവാക്കി നൽകാനും തീരുമാനമെടുത്തു. ഇതിനായി എൽ.ആർ ഡപ്യൂട്ടി കളക്ടർക്ക് നിർദ്ദേശം നൽകി. ആലുവ സർക്കാർ ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റിനുള്ള സൗകര്യങ്ങൾ ആശുപത്രി അധികൃതർ ഒരുക്കിയാൽ 

തുടർ നടപടികൾ സ്വീകരിക്കാമെന്ന് ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി യോഗത്തിൽ അറിയിച്ചു. കൊച്ചി നഗരത്തിൽ നടപ്പിലാക്കിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുമായി ബന്ധപ്പെട്ട് നിർവ്വഹണം പൂർത്തിയാക്കിയ 

കരാറുകാരിൽ തുക ലഭിക്കാത്തവർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ വികസന കമീഷണർ നിർദ്ദേശം നൽകി. ശുചിമുറി മാലിന്യം റോഡിൽ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. 

ഓൺലൈനായി നടത്തിയ വികസന സമിതിയിൽ എം എൽ എ മാരായ പി.ടി.തോമസ്, എൽദോസ് കുന്നപ്പിള്ളി, ടി.ജെ.വിനോദ് , ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവർ പങ്കെടുത്തു.

 

വടക്കേക്കര പഞ്ചായത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷി

 

 

വടക്കേക്കര: മടപ്ലാത്തുരുത്ത് സ്മൈൽ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ഒന്നര ഏക്കർ സ്ഥലത്ത് മധുരക്കിഴങ്ങ് കൃഷിയാരംഭിച്ചു. മടപ്ലാത്തുരുത്ത് ഒൻമ്പതാം വാർഡിലെ  മധുരക്കിഴങ്ങ് കൃഷിയുടെ നടീൽ ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.

 

വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഇരുപത് വാർഡുകളിലും മധുരക്കിഴങ്ങ് കൃഷി വ്യാപനപ്രവർത്തനങ്ങൾ നടന്നുവരുകയാണ്.തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സി.റ്റി.സി.ആർ.ഐ യുടെ സഹായത്തോടെയാണ്  മധുരക്കിഴങ്ങ് കൃഷി വ്യാപന പദ്ധതിയായ മധുര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് .

സി.റ്റി.സി.ആർ.ഐ 

വികസിപ്പിച്ചെടുത്ത ഭൂകൃഷ്ണ, കാഞ്ഞാങ്ങാട് ശ്രീഅരുൺ  മുതലായ മധുരക്കിഴങ്ങിനങ്ങളാണ് വടക്കേക്കര ഗ്രാമപഞ്ചായത്തിൽ കൃഷി ചെയ്യുന്നത്.കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം രണ്ടു ഘട്ടങ്ങളിലായി 15000 ത്തോളം മധുരത്തലകൾ വടക്കേക്കര പഞ്ചായത്തിൽ വിതരണം ചെയ്തു കഴിഞ്ഞു. ഒന്നാം ഘട്ടം വിതരണം ചെയ്ത മധുരക്കിഴങ്ങ് വള്ളികൾക്കാവശ്യമായ വളക്കൂട്ടുകളും ,സൂക്ഷ്മമൂലകങ്ങളും കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. . ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം. അംബ്രോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന നടീൽ ഉദ്ഘാടനത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം സൈബാസജീവ് , വടക്കേക്കര 137 സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് 

ആർ.കെ. സന്തോഷ്കുമാർ, വാർഡ് മെമ്പർ കെ.എ. ജോസ് ,എം.കെ കുഞ്ഞപ്പൻ , കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. ജി. ബൈജു തുടങ്ങിയവർ പങ്കെടുത്തു.

 

തീര മേഖല ദുരന്ത അവബോധ വെബ്ബിനാർ നടത്തി

എറണാകുളം : ഐക്യ രാഷ്ട്ര സംഘടനയുടെ ലോക സുനാമി ബോധവൽക്കരണ ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീര ദേശ മേഖലയിൽ ഉണ്ടാവുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും സംബന്ധിച്ച വെബിനാർ നടത്തി. ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ വെബിനാർ ഉത്‌ഘാടനം ചെയ്തു. ജില്ലയിലെ തീരദേശ പ്രദേശമായ കൊച്ചി താലൂക്കിലെ ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ, തീരദേശ പഞ്ചായത്തുകളിലെയും വില്ലേജുകളിലെയും ജീവനക്കാർ, കൊച്ചി താലൂക്കിലെ സിവിൽ ഡിഫെൻസ് അംഗങ്ങൾ, ഇൻസിഡന്റ് റെസ്പോൺസ് ടീം അംഗങ്ങൾ, ഇന്റർ ഏജൻസി ഗ്രൂപ്പ്‌ അംഗങ്ങൾ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

അറിയിപ്പ്

കേരള മദ്രസ അധ്യാപക ക്ഷേമ നിധിയിൽ നിന്നും പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്നവർ പെൻഷൻ തടസ്സം കൂടാതെ ലഭിക്കുന്നതിനുവേണ്ടി ഡിസംബർ 20 ന് മുൻപ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് കേരള മദ്രസ ടീച്ചേഴ്സ് വെൽഫെയർ ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റിൻ്റെ മാതൃക www.kmtboard.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് .

date