Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സർക്കാർ അതിഥി മന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് പൊതുഭരണ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ക്യാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികൾ, എം.പി, എം.എൽ.എ, എക്‌സ് എം.പി, എക്‌സ് എം.എൽ.എ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികൾ, ബോർഡ്, കോർപ്പറേഷൻ മറ്റു സ്റ്റാറ്റിയൂട്ടറി പദവിയുളള സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗിക പദവി വഹിക്കുന്നവർ എന്നിവരുടെ താമസത്തിന് മുറി വാടക പൂർണ നിരക്കിൽ ഈടാക്കണം. തുടർച്ചയായി പരമാവധി 48 മണിക്കൂർ വരെ മാത്രമേ മുറികൾ അനുവദിക്കാവൂ.
' Z ' കാറ്റഗറിയിലുളള രാഷ്ട്രീയ പ്രവർത്തകർക്ക് ലഭ്യമായ മുറികൾ അനുവദിക്കണം. അധികാരത്തിലിരിക്കുന്ന കക്ഷികൾക്കും മറ്റു കക്ഷികളിൽപെട്ടവർക്കും ലഭ്യമായ താമസ സൗകര്യങ്ങൾ നീതിയുക്തമായി അനുവദിക്കണം. സ്ഥാനാർത്ഥികളോ കക്ഷികളോ, അതിഥിമന്ദിരമോ കോൺഫറൻസ് ഹാളുകളോ പരിസരമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കാനോ മാധ്യമസംവാദ വേദിയാക്കാനോ പൊതുയോഗം നടത്താനോ പാടില്ല. സ്ഥാനാർത്ഥികളുടെയോ കക്ഷികളുടെയോ ഓഫീസുകളായി സർക്കാർ അതിഥിമന്ദിരങ്ങൾ പ്രവർത്തിപ്പിക്കരുത്. വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു 48 മണിക്കൂർ മുമ്പ് മുതൽ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് മുറികൾ അനുവദിക്കാൻ പാടില്ല. കാബിനറ്റ് പദവിയിലിരിക്കുന്നവരുടെ ഉപയോഗത്തിന് ടൂറിസം ഗ്യാരേജുകളിൽ നിന്ന് വാഹനങ്ങൾ  അനുവദിച്ചത് ഔദ്യോഗിക യാത്രകൾക്കു മാത്രമേ ഉപയോഗിക്കാൻ അനുമതിയുളളൂ.
തിരഞ്ഞെടുപ്പ് സംഘടനാ ചുമതലയിലുളള ഉദ്യോഗസ്ഥർക്ക് അതിഥിമന്ദിരങ്ങളിൽ മുറികൾ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നൽകുകയും ഔദ്യോഗിക നിരക്കിൽ മുറി വാടക ഈടാക്കുകയും വേണം.
പി.എൻ.എക്‌സ്. 3970/2020

date