കോവിഡ് 19: വിശ്രമ മന്ദിരങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരങ്ങളുടെ പ്രവർത്തനത്തിന് മാർഗനിർദ്ദേശം പുറത്തിറക്കി. കേന്ദ്രസർക്കാറിന്റെ അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ, വിശിഷ്ടാതിഥികൾ, എം.എൽ.എ/എം.പി മാർ, മറ്റ് ക്യാബിനറ്റ് പദവി അലങ്കരിക്കുന്നവർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി താമസ സൗകര്യം അനുവദിക്കും.
വിശ്രമമന്ദിരങ്ങളും പരിസരവും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തണം. ജീവനക്കാർക്ക് സാനിറ്റൈസേഷൻ/കൈ കഴുകൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ജീവനക്കാരും അതിഥികളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നണ്ടെന്ന് ഉറപ്പുവരുത്തണം. തെർമൽ സ്‌കാനർ ഉപയോഗിച്ച് അതിഥികളുടെ ശരീരോഷ്മാവ് പരിശോധിക്കണം. അതിഥികൾ പോകുമ്പോൾ മുറിയും, ശുചിമുറിയും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അണുനശീകരണം നടത്തി വൃത്തിയാക്കണം. സാമൂഹിക അകലം ഉറപ്പക്കാൻ അനുവദനീയമായ ആളുകളുടെ എണ്ണം ലിഫ്റ്റിന് പുറത്ത് പ്രദർശിപ്പിക്കണം.
വിശ്രമമന്ദിരങ്ങളിൽ വച്ച് കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ രോഗിയുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകുകയും മന്ദിരവും, പരിസരവും അടയ്ക്കുകയും അണുനശീകരണത്തിനു ശേഷം മാത്രം തുറക്കുകയും ചെയ്യുക. മുൻകൂർ ബുക്കിംഗ് അനുമതി ഉളളവർക്ക് മാത്രമേ മുറികൾ അനുവദിക്കൂ. വിശ്രമ മന്ദിരങ്ങളിലെ ഭക്ഷണശാലയുടെ പ്രവർത്തനം അനുവദനീയമല്ല. ബ്രോക്ക് ദ ചെയിൻ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പു വരുത്തണം.
പി.എൻ.എക്‌സ്. 3973/2020
- Log in to post comments