Skip to main content

എലിപ്പനി വ്യാപനം: പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ് 

എലിപ്പനി വ്യാപനം: പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ് 

 

 

ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും മറ്റ് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും, ആരോഗ്യ ജാഗ്രത ക്യാമ്പെയ്ൻ കലണ്ടർ പ്രകാരമുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതായിട്ടുണ്ട് .

 

മുൻ വർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി രോഗികളുടെ എണ്ണം ഈ വർഷം എറണാകുളം  ജില്ലയിൽ വളരെ കൂടുതലാണ് .

40 സ്ഥിരീകരിച്ച എലിപ്പനി കേസുകളും   301 സംശയിക്കപ്പെടുന്ന കേസുകളും കൂടാതെ എലിപ്പനി മൂലം 2 സ്ഥിരീകരിച്ച മരണവും സംശയിക്കപ്പെടുന്ന 11 മരണങ്ങളും ഈ വർഷം ജില്ലയിൽ ഉണ്ടായിട്ടുണ്ട് .

 

ആയതിനാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിട്ടുണ്ട് .ഈ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നവംബർ 5 മുതൽ 20 വരെ ഊർജ്ജിത എലിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി " മൃതസഞ്ജീവനി ക്യാമ്പെയ്ൻ " നടത്തുന്നു .

 

 

സ്ഥാപനങ്ങൾ മുഖേന  നടപ്പിലാക്കുന്ന  പ്രവർത്തനങ്ങൾ : -

 

1 ) എലിപ്പനിയെ

ക്കുറിച്ച് ജനങ്ങളിൽ ശക്തമായ അവബോധമുണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതാണ്.

 

2) മൃതസഞ്ജീവനി ക്യാമ്പയിൻ വിജയകരമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ വകുപ്പുകളുടെ ഒരു യോഗം ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. 

 

3) പഞ്ചായത്തു -

കളിൽ അതാത് പ്രദേശത്തെ ക്ഷീരകർഷക സമിതികൾ ,തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ,കുടുംബശ്രീ എന്നിവരുടെ സഹകരണം ഉറപ്പു വരുത്തുന്നതാണ്.

 

4) എല്ലാ ആരോഗ്യ സ്ഥാപനങ്ങളും തങ്ങളുടെ പ്രദേശത്തെ ഹൈ റിസ്ക്കിലുള്ള വിഭാഗങ്ങൾ അതായത് ക്ഷീര കർഷകർ , തൊഴിലുറപ്പ്കാർ , ശുചീകരണ തൊഴിലാളികൾ , കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജോലി ചെയ്യുന്നവർ ,തോടുകളിലും കുളങ്ങളിലും മറ്റും മീൻപിടുത്തത്തിലേർപ്പെട്ടിരിക്കുന്നവർ ,കക്ക വാരൽ തൊഴിലാളികൾ തുടങ്ങി എലിപ്പനി പിടിപെടാൻ സാധ്യതയുള്ളവരെ 

വാർഡ് / ഡിവിഷൻ തലത്തിൽ കണ്ടെത്തുകയും ഹൈ റിസ്ക്ക് ഏരിയകൾ മാപ്പ് ചെയ്ത്  ഡോക്സിസൈക്ലിൻ പ്രതിരോധ മരുന്ന് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും .

 

5) സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ വകുപ്പിൻ്റെ ചികിത്സ മാനദണ്ഡങ്ങൾ പ്രകാരം രോഗികൾക്കു ഡോക്സി സൈക്ലിൻ മരുന്ന് നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും .എലിപ്പനി രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആശുപത്രി ജീവനക്കാർക്കും ഡോക്സി സൈക്ലിൻ പ്രതിരോധ മരുന്ന് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.

 

6) സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ ജീവനക്കാർക്ക് അവബോധം നൽകും .

 

7) കോർപ്പറേഷൻ / നഗരസഭാ പ്രദേശങ്ങളിൽ അവിടത്തെ ആരോഗ്യ വിഭാഗം ജീവനക്കാർ വഴി ശുചീകരണ ജീവനക്കാർക്കും എലിപ്പനി രോഗബാധ ഉണ്ടാകുവാൻ സാധ്യത കൂടുതലുള്ള, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് ജീവനക്കാർക്കും ഡോക്‌സി സൈക്ലിൻ പ്രതിരോധ മരുന്ന് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

 

8) എല്ലാ ആശുപത്രികൾ / ആരോഗ്യ കേന്ദ്രങ്ങളിലും ( സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ) അവബോധത്തിനായി ഡോക്സി കോർണർ സജ്ജമാക്കി അവിടെ ഡോക്സി സൈക്ലിൻ മരുന്നിൻ്റെ ലഭ്യത ഉറപ്പാക്കും. 

 

9 ) രോഗലക്ഷണ നിരീക്ഷണം ( Symptom Surveillance) ഉറപ്പാക്കിക്കൊണ്ട്  രോഗലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി യഥാസമയം ഉചിതമായ ചികിത്സ ഉറപ്പാക്കി ഗുരുതര രോഗാവസ്ഥയും മരണവും ഒഴിവാക്കുന്നതാണ്.

 

10) കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എലി നിയന്ത്രണ നടപടികൾ ഉറപ്പാക്കുകയും  സ്ഥിരമായി മാലിന്യം കാണപ്പെടുന്ന സ്പോട്ടുകൾ സോഷ്യൽ മാപ്പിംഗ് നടത്തി സുരക്ഷിതമായ മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നതാണ്.

 

പൊതുജനങ്ങളുടെ ശ്രദ്ധക്കായി :- 

 

1 ) കൈകാലുകളിൽ മുറിവുകളുള്ളപ്പോൾ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുക .ഒപ്പം ജോലിക്കായി ഇറങ്ങേണ്ടി വന്നാൽ മുറിവുകൾ വെള്ളം കടക്കാത്ത വിധം പൊതിഞ്ഞു സൂക്ഷിക്കുക .

 

2) വ്യക്തിഗത സുരക്ഷക്കായി കയ്യുറകളും കാലുറകളും ഉപയോഗിക്കുക .

 

3) വെള്ളക്കെട്ടു -

കളിലും മലിനമായ മണ്ണിലും ജോലി ചെയ്യുന്നവർ, ജോലിയിൽ ഏർപ്പെടുന്നതിനു മുമ്പ് ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിൻ ഗുളികകൾ 200 mg വീതം 6 മുതൽ 8 ആഴ്ച വരെ തുടർച്ചയായി കഴിക്കുക .

 

4) ജോലി അതിനു ശേഷം തുടർന്നും ചെയ്യുന്നുവെങ്കിൽ 2 ആഴ്ചത്തെ ഇടവേളക്കു ശേഷം വീണ്ടും ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കുന്നത് തുടരുക .

 

5) ആഹാരശേഷം മാത്രം ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കുക .ഒപ്പം ധാരാളം വെള്ളം കുടിക്കുക .

 

6) പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ വിദഗ്ദ്ധ വൈദ്യസഹായം തേടുക .ഒപ്പം ഡോക്ടറോട് ജോലി വിവരങ്ങൾ പറയുക.

date