സംവരണ വാർഡുകളുടെ പുനർ നറുക്കെടുപ്പ് പൂർത്തിയായി
സംവരണ വാർഡുകളുടെ പുനർ നറുക്കെടുപ്പ് പൂർത്തിയായി
എറണാകുളം: തുടർച്ചയായി മൂന്നാം തവണയും വനിതാ സംവരണമായ വാർഡുകളെ ഒഴിവാക്കി തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സംവരണ വാർഡുകളുടെ പുനർ നറുക്കെടുപ്പ് പൂർത്തിയാക്കി. കോടതി വിധിയെ തുടർന്നാണ് കാലടി, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകളിലെയും പറവൂർ ബ്ലോക്ക് പഞ്ചായത്തിലെയും സംവരണ വാർഡുകളുടെ പുനർ നറുക്കെടുപ്പ് നടത്തിയത്. ആദ്യത്തെ സംവരണ നറുക്കെടുപ്പ് കോടതി റദ്ധാക്കിയിരുന്നു.
കാലടി ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് ശ്രീ മൂലനഗരം ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വാർഡ് 13 എന്നിവ മൂന്നാം തവണയും വനിതാ സംവരണമായതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി തീരുമാനം വന്നത്. ഈ വാർഡുകളെ ഒഴിവാക്കി വീണ്ടും സംവരണ വാർഡ് നറുക്കെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമീഷനോട് കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് എ ഡി എം സാബു കെ ഐസകിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വീണ്ടും നറുക്കെടുപ്പ് നടത്തുകയായിരുന്നു.
കാലടി പഞ്ചായത്തിലെ തുടർച്ചയായി സംവരണം വന്ന 2,14, 16 വാർഡുകളെ വനിതാ സംവരണത്തിൽ നിന്നും ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തിയത്. 1,6,7,8,9,10, 12, 15, 17, വാർഡുകൾ വനിതാ സംവരണമായി. ഇതിൽ ആറാം വാർഡ് പട്ടികജാതി വനിതകൾക്കുള്ള സംവരണ വാർഡായും തെരഞ്ഞെടുത്തു. 13-ാം വാർഡ് പട്ടികജാതി പൊതു വിഭാഗ സംവരണ വാർഡായി.
ശ്രീ മൂലനഗരം പഞ്ചായത്തിൽ 13-ാം വാർഡാണ് മൂന്നാം തവണയും വനിതാ സംവരണമായി വന്നത്. 13-ാം വാർഡിനെ ഒഴിവാക്കിയാണ് പുനർ നറുക്കെടുപ്പ് നടത്തിയത്. 1, 2, 3, 4,6,7, 9, 12 വാർഡുകൾ വനിതാ സംവരണമായി. ഇതിൽ ഏഴാം വാർഡ് പട്ടികജാതി വനിതകൾക്കായി സംവരണം ചെയ്തു. പതിനഞ്ചാം വാർഡ് പട്ടികജാതി പൊതു വിഭാഗത്തിനുള്ളതാണ്.
പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ആകെ 13 വാർഡുകളാണ് ഉള്ളത്. പുനർ നറുക്കെടുപ്പിൽ 1,3,4,5,7, 9, 12 വാർഡുകൾ വനിതാ സംവരണമായി. പതിനൊന്നാം വാർഡ് പട്ടികജാതി ജനറൽ വിഭാഗത്തിനുമായി തെരഞ്ഞെടുത്തു.
- Log in to post comments