Skip to main content

പ്ലസ് വൺ സ്‌പോട്ട് അപേക്ഷാ സമർപ്പണം  നവംബർ 12ന്; പ്രവേശനം 13ന്

പ്ലസ് വൺ ഏകജാലകം രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെൻറിന് ശേഷമുള്ള ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിനുള്ള സ്‌പോട്ട് അഡ്മിഷൻ നവംബർ 12ന് നടക്കും. വൈകീട്ട് 5 വരെയാണ് അപേക്ഷാസമർപ്പണത്തിനുള്ള സമയം. വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്കു വേണ്ടിയാണ് സ്‌പോട്ട് അഡ്മിഷൻ.
നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവരോ, പ്രവേശനം നേടിയ ശേഷം ടി സി വാങ്ങുകയോ മുൻ അലോട്ട്‌മെന്റുകളിൽ നോൺ-ജോയിനിംഗ് ആയവർക്കോ അപേക്ഷിക്കാൻ കഴിയുകയില്ല. നിലവിലുള്ള ഒഴിവുകളുടെ വിശദാംശം അഡ്മിഷൻ വെബ് സൈറ്റായ www.hscap.kerala.gov.in ൽനിന്ന് അറിയാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ക്യാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ വേക്കന്റ് സീറ്റ്സ് (Apply for vaccant Seats) എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഉൾപ്പെടുത്താം.
സാധുതയുള്ള അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി നവംബർ 13ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. അപേക്ഷിച്ച എല്ലാ സ്‌കൂളുകളിലെയും അലോട്ട്‌മെന്റ് ലിസ്റ്റിൽ പേര് വരുന്നത് കൊണ്ട് അഡ്മിഷൻ ലഭിക്കാൻ സാധ്യതയുള്ള സ്‌കൂൾ/കോഴ്‌സ് റാങ്ക് ലിസ്റ്റിലൂടെ മനസിലാക്കി അപേക്ഷകർ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ രക്ഷാകർത്താക്കളോടൊപ്പം റിപ്പോർട്ട് ചെയ്യണ്ടതാണ്. യോഗ്യത സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ബോണസ് പോയന്റ് അവകാശപ്പെട്ടവയുടെ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവയുമായി ഹാജരാകണം. വിദ്യാർഥികളുടെ യോഗ്യതാ മാനദണ്ഡങ്ങൾ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കണക്കാക്കി അന്നേ ദിവസം ഉച്ചയ്ക്ക് 12 നും ഒരു മണിക്കുമുള്ളിൽ അതാത് സ്‌കൂളിലെ പ്രിൻസിപ്പൽമാർ പ്രവേശനം നടത്തുമെന്ന് ഹയർസെക്കൻഡറി ജില്ലാ കോർഡിനേറ്റർ വി എം കരീം അറിയിച്ചു.

date