Skip to main content

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ ധാരണ

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയുംബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും യോഗം ചേര്‍ന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന്ജില്ലാ വരണാധികാരി കൂടിയായജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
 ഒന്നാം ഘട്ടമായ ഡിസം.8നാണ് ജില്ലയിലെ വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നവം.12 മുതല്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 14, 15 തീയതികള്‍ പൊതു അവധി ആയതിനാല്‍ ആ ദിവസങ്ങളില്‍ പത്രികകള്‍ സ്വീകരിക്കുന്നതല്ല. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി മൂന്നു സെറ്റ് നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കുന്ന വ്യക്തി നിര്‍ദ്ദിഷ്ട വാര്‍ഡില്‍ ഉള്‍പ്പെട്ടയാള്‍ ആയിരിക്കണം. കോവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം, ജാഥ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. റോഡ് ഷോ / വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനം മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് പ്രചരണത്തിന് നോട്ടീസ് / ലഘുലേഖകള്‍ പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം. വോട്ടിംഗ് സ്ലിപ്പ് വീടുകളില്‍ കയറി നല്‍കുന്നവര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തുന്നതിന്റെ സാധ്യത പരിശോധിക്കും.തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളും സംശയങ്ങളും ദൂരീകരിക്കുന്നതിനായി കളക്ട്രേറ്റില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കുമെന്നുംജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഗതാഗത തടസമുണ്ടാക്കുന്ന വിധത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നും തിരഞ്ഞെടുപ്പിനായി പാസ് വാങ്ങുന്ന വാഹനങ്ങള്‍ നിര്‍ദ്ദിഷ്ട ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ എന്നും പാസിന്റെ ഒരു കോപ്പി വാഹനത്തില്‍ പതിപ്പിക്കേണ്ടതാണെന്നും യോഗത്തില്‍ പങ്കെടുത്ത ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസ്വാമി പറഞ്ഞു. സബ് കളക്ടര്‍ പ്രേം കൃഷ്ണ, എ ഡി എം ആന്റണി സ്‌കറിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സാജന്‍ വി കുര്യാക്കോസ്, എ ഡി സി ജനറല്‍ സി.ശ്രീലേഖ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.കുര്യാക്കോസ്, ഡിഎംഒ ഡോ.എന്‍.പ്രിയ, ബ്ലോക്ക് വരണാധികാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date