പ്രൊബേഷന്‍ പക്ഷാചരണവും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണവും
ജില്ലാ പ്രൊബേഷന്‍ ഓഫീസ് പത്തനംതിട്ടയും, ജില്ലാ നിയമ സേവന അതോറിറ്റി പത്തനംതിട്ടയും, ലോ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ നാലു വരെ പ്രൊബേഷന്‍ പക്ഷാചരണ പരിപാടി ഓണ്‍ലൈനായി സംഘടിപ്പിക്കും. പ്രൊബേഷന്‍ പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം നവംബര്‍ 15ന് രാവിലെ 11ന്
പത്തനംതിട്ട ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ടി. കെ. രമേശ്കുമാര്‍ നിര്‍വഹിക്കും. അസിസ്റ്റന്‍ഡ് കളക്ടര്‍ വി. ചെല്‍സാസിനി അധ്യക്ഷത വഹിക്കും. ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ പ്രൊബേഷന്‍ ദിന സന്ദേശം നല്‍കും. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ പ്രൊഫ. ജി. മോഹന്‍ ഗോപാല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ. അബീന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.എസ്. സൈമ, ഡിസ്ട്രിക് ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. എ.സി. ഈപ്പന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആര്‍. പ്രദീപ്കുമാര്‍, പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജ്യോതിരാജ് എന്നിവര്‍ സംസാരിക്കും. എല്‍ജെആര്‍എഫ്തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറി റോസ് മറിയം സിബി കൃതജ്ഞത രേഖപ്പെടുത്തും.
നവംബര്‍ 16 - 18 തീയതികളില്‍ കോടതി സമുച്ചയത്തില്‍ വച്ച് പ്രൊബേഷന്‍ സംവിധാനത്തെ പറ്റിയുള്ള ബോധവത്ക്കരണ ബോര്‍ഡുകളുടെ പ്രദര്‍ശനവും ഐ.ഇ.സി കാമ്പയിനും സംഘടിപ്പിക്കും. നവംബര്‍ 19 നു കുടുംബശ്രീയുമായി സഹകരിച്ചു കൊണ്ടു കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിട്ടുള്ളവരുടെ പുനരധിവാസത്തിനുള്ള സാമൂഹികതല സംഘടനയുടെ രൂപീകരണവും സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ഓറിയന്റേഷന്‍ പരിപാടിയും നടത്തും. നവംബര്‍ 22 ന് പ്രൊബേഷന്‍ ഓഫ് ഓഫെണ്ടേഴ്‌സ് ആക്ട്, 1958 ന്റെ നിര്‍വഹണം വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും, നവംബര്‍ 25 ന് പ്രൊബേഷന്‍ സേവനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്കുള്ള ശാക്തീകരണ പരിപാടിയും ( ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്) സംഘടിപ്പിക്കും. ഡിസംബര്‍ നാലിന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ പ്രൊബേഷന്‍ നിയമവുമായി ബന്ധപ്പെട്ടുള്ള വിധി ന്യായങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചയും പ്രൊബേഷന്‍ പക്ഷാചരണ പരിപാടിയുടെ സമാപനവും നടത്തും.
- Log in to post comments