മുഖ്യമന്ത്രി ആശംസകൾ നേർന്നു
മുഖ്യമന്ത്രി ആശംസകൾ നേർന്നു
മലങ്കരയുടെ സ്ലൈഹിക സിംഹാസനത്തിലെ ഇരുപത്തിരണ്ടാം മെത്രാപ്പോലീത്താ ആയി സ്ഥാനാരോഹിതനാകുന്ന അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ തെയഡോഷ്യസ് തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ എന്നും നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട് അഭിവന്ദ്യ തിരുമേനി. മുൻവിധികളില്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന ക്രിസ്തുവിന്റെ സ്നേഹം അങ്ങനെ തിരുമേനിയുടെ പ്രവൃത്തികളിലൂടെ സമൂഹത്തിനാകെ വെളിവായിട്ടുണ്ട്. ആദിവാസികളെയും, ഭൂരഹിതരെയും, ഭവനരഹിതരെയും, ബധിരരെയും, മാനസികരോഗികളെയും, എയ്ഡ്സ് രോഗികളെയും ഒക്കെ തിരുമേനി തന്റെ ശുശ്രൂഷാ കാലയളവിലുടനീളം പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. കേരളത്തിനു പുറത്തുൾപ്പെടെ ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിൽ വിവാഹ ധനസഹായം, പഠന സഹായം, വൈദ്യ സഹായം എന്നിവ നൽകി പാവപ്പെട്ടവരെ കരുതാനും അങ്ങനെ മിഷൻ പ്രവർത്തനങ്ങൽക്ക് പുതിയ മാനം നൽകാനും തിരുമേനിക്ക് കഴിഞ്ഞിട്ടുണ്ട്.
പല വിദേശരാജ്യങ്ങളിലും മാർത്തോമ്മാ സഭയുടെ എക്യുമെനിക്കൽ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ തിരുമേനി ശ്രദ്ധിച്ചിട്ടുണ്ട്. പുതിയ തലമുറയെ വിശ്വാസത്തിലേക്കും അങ്ങനെ സഭയിലേക്കും ആകർഷിക്കാൻ നൂതനവും കാലിക പ്രസക്തവുമായ ഇടപെടലുകൾ തിരുമേനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. സഭ എല്ലാവരുടേതുമായി നിലകൊള്ളുന്ന ഒന്നാവണം എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ട് ഒരു വ്യക്തിപോലും സഭയിൽ നിന്നകലാതിരിക്കാനും പുതിയ ആളുകൾ സഭയിലേക്ക് കടന്നു വരാനുമുള്ള മുൻകൈ തിരുമേനിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ സഭയോട് ചേർത്തു നിർത്താൻ തിരുമേനി തുടക്കമിട്ടു എന്നത് പ്രത്യേകമായി എടുത്തു പറയേണ്ട വസ്തുതയാണ്.
മത വിശ്വാസങ്ങളിലധിഷ്ഠിതമായ സാമുദായിക ധ്രുവീകരണങ്ങൾ സൃഷ്ടിക്കാനും നവോത്ഥാന മുന്നേറ്റങ്ങളെ പിന്നോട്ടടിക്കാനും ആസൂത്രിയമായ ശ്രമങ്ങൾ നമ്മുടെ നാട്ടിൽ നടത്തപ്പെടുന്ന ഈ കാലത്ത് മതങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനം നടത്തുകയും നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ച് പ്രബന്ധം രചിക്കുകയും ചെയ്തിട്ടുള്ള ഒരു മതമേലധ്യക്ഷൻ കേരളത്തിൽ ആസ്ഥാനമുള്ള ഒരു ആഗോള സഭയുടെ പരമോന്നത നേതൃത്വത്തിലേക്ക് കടന്നു വരുന്നു എന്നത് വളരെ സന്തോഷം ഉളവാക്കുന്ന വസ്തുതയാണ്. അത് കേരള സമൂഹത്തെയാകെത്തന്നെ പുരോഗമനപരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുപകരിക്കും എന്നതിൽ സംശയമില്ല. സമൂഹത്തിനാകെ ഗുണകരമായി നിലകൊള്ളാൻ തിരുമേനിയുടെ നേതൃത്വം സഭയ്ക്ക് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.
ഇരുപത്തിരണ്ടാം മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് എന്റെ വ്യക്തിപരമായ പേരിലും ലോകമാകെയുള്ള മലയാളികളുടെ പേരിലും കേരള സംസ്ഥാനത്തിന്റെ പേരിലും എല്ലാ ഭാവുകങ്ങളും നേരുന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ കാലോചിതമായി നയിക്കാൻ പുതിയ മെത്രാപ്പോലീത്താ തിരുമേനിക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസാ സന്ദേശത്തിലൂടെ അറിയിച്ചു.
പി.എൻ.എക്സ്.4015/2020
- Log in to post comments