Skip to main content

തിരുവനന്തപുരത്ത് മികച്ച ട്രോമ പരിചരണത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കും: ആരോഗ്യമന്ത്രി

    ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന സമ്പൂര്‍ണ ട്രോമ കെയര്‍ സംവിധാനത്തിന്റെ ഭാഗമായി മികച്ച ട്രോമകെയര്‍ പരിശീലനത്തിന് തിരുവനന്തപുരത്ത് 10 കോടി രൂപ മുടക്കില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ടാറ്റ ട്രസ്റ്റിനാണ് ഇതിന്റെ മൂന്ന് വര്‍ഷത്തെ നടത്തിപ്പ് ചുമതല. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. മൂന്ന് വര്‍ഷത്തിനു ശേഷം പരിശീലനം നല്‍കേണ്ടവരെ ടാറ്റ ട്രസ്റ്റ് സജ്ജരാക്കുകയും ചെയ്യും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഈ സംസ്ഥാന പരിശീലകേന്ദ്രം ആരംഭിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തിലാന് ടാറ്റാ ട്രസ്റ്റുമായി ധാരണയിലായത്. ഇതിന്റെ പ്രൊപ്പോസലും തയ്യാറായിട്ടുണ്ട്. 
    യു.കെ.യിലെ വാര്‍വിക് യൂണിവേഴ്‌സിറ്റി, ന്യൂഡല്‍ഹിയിലെ എയിംസ് എന്നിവയുമായി സഹകരിച്ചാണ് സമഗ്ര ട്രോമകെയര്‍ സംവിധാനം നടപ്പിലാക്കുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് സിമുലേഷന്‍ സെന്റര്‍, മൂന്ന് ലെവലിലുള്ള ട്രോമകെയര്‍ സംവിധാനം എന്നിവയാണ് രൂപരേഖയിലുള്ളത്. എല്ലാവിധ അത്യാധുനിക സംവിധാനങ്ങളുള്ള ലെവല്‍ ഒന്നില്‍ മെഡിക്കല്‍ കോളേജുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലെവല്‍ രണ്ടില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ലെവല്‍ രണ്ട്, മൂന്ന് സൗകര്യങ്ങളാണ് സജ്ജമാക്കുന്നത്. ഇതോടൊപ്പം ഹൈവേയോട് ചേര്‍ന്നുള്ള ആശുപത്രികളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ട്രോമകെയര്‍ സംവിധാനവും രൂപീകരിക്കും.
    തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ അപ്പക്‌സ് ട്രോമ & എമര്‍ജന്‍സി സെന്ററാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇവിടത്തെ അത്യാഹിത വിഭാഗത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. പുതിയ ഉപകരണങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിനോടൊപ്പം കേന്ദ്ര ഫണ്ടും ഉപയോഗിച്ചാണ് അത്യാഹിത വിഭാഗം സാക്ഷാത്കരിക്കുന്നത്.
    ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ട്രോമകെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍, ടാറ്റ ട്രസ്റ്റ് ഡയറക്ടര്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ശ്രീനിവാസ്, ടാറ്റ ട്രസ്റ്റ് എന്‍.എം.ആര്‍.ഐ. ഡോ. ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1372/18

date