കേരള ബാങ്കിന്റെ സാധ്യതകൾ അനന്തം- മുഖ്യമന്ത്രി
കേരളബാങ്കിന്റെ സാധ്യതകൾ അനന്തമാണെന്നും ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്കിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയുടെ പ്രാപ്തിയും കഴിവും പൂർണമായി പ്രകടിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ആർ.ബി.ഐ ചട്ടങ്ങൾക്ക് വിധേയമായി പൂർണമായും ഒരു പ്രൊഫഷണൽ സ്ഥാപനമായി ബാങ്ക് പ്രവർത്തിക്കും. ആദ്യ ഡയറക്ടർ ബോർഡിന് ചരിത്രപരമായ നിയോഗമാണുള്ളത്. കേരളത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടാനും കഴിയണം. മുമ്പും കേരളത്തിന്റെ സഹകരണമേഖല മാതൃകാപരമായ പിന്തുണയും ഇടപെടലും നടത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പെൻഷൻ, സാമൂഹ്യക്ഷേമ പെൻഷൻ, കെയർ ഹോം തുടങ്ങിയവ ഉദാഹരണമാണ്. കേരള ബാങ്കിൽ നിന്ന് മാറി നിൽക്കുന്ന ചെറിയ ഭാഗവും ഇതിനോട് ചേർന്നുനിൽക്കാൻ സന്നദ്ധമാകണം. ഒരു ജില്ലയിൽ മാത്രം ബാങ്കിന്റെ സേവനം നഷ്ടപ്പെടാൻ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു.
പി.എൻ.എക്സ്. 4151/2020
- Log in to post comments