Skip to main content

അതിഥിതൊഴിലാളികള്‍ക്ക് സേവനകേന്ദ്രവുമായി തൊഴില്‍ വകുപ്പ് ഉദ്ഘാടനം ഏപ്രില്‍ 23-ന് 

 

     കൊച്ചി: അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സേവനങ്ങളും സഹായങ്ങളും ഇനി ഒരു കുടക്കീഴില്‍. എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഷോപ്പിംഗ് മാളില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സേവനകേന്ദ്രം ഏപ്രില്‍ 23 ഉച്ചയ്ക്ക് 3-ന് തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

  സംസ്ഥാനത്തുളള അതിഥി തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഹിന്ദി, ബംഗാളി ഭാഷ വിദഗ്ധര്‍ സേവന കേന്ദ്രത്തിലുണ്ടാകും. എറണാകുളം പെരുമ്പാവൂര്‍ മുനിസിപ്പല്‍ ഷോപ്പിംഗ് മാളിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ആവാസ് ഇന്‍ഷുറന്‍സിനായുളള രജിസ്‌ട്രേഷന്‍, നിയമസഹായങ്ങള്‍ തുടങ്ങിയ ലഭ്യമാകും.  കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുളള വിവരങ്ങള്‍, വേതന വ്യവസ്ഥകള്‍, യാത്ര, ചികിത്സ ബാങ്ക് അക്കൗണ്ട് തുറക്കുക എന്നിവയ്ക്കുളള സഹായം എന്നിങ്ങനെ നിരവധി സേവനങ്ങള്‍ കേന്ദ്രത്തില്‍ ലഭിക്കും. 

അതിഥി തൊഴിലാളികള്‍ ഏറ്റവും കൂടുതലുളള പെരുമ്പാവൂരില്‍ തന്നെ സേവനകേന്ദ്രം ആരംഭിക്കുന്നത്് ഉപകാരപ്രദമായിരിക്കും എന്ന് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) മുഹമ്മദ് സിയാദ് പറഞ്ഞു. 

ഉപജീവനമാര്‍ഗ്ഗം തേടി കേരളത്തിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും, തൊഴില്‍ വകുപ്പും നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്.  ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സമഗ്ര സേവനം ഒരു കുടക്കീഴില്‍ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയത്തില്‍ പ്രഖ്യാപിച്ചിരുന്നതാണ്.   

date