ബസ്സില്‍ മാസ്ക് ധരിക്കാതെ യാത്രചെയ്യാന്‍ പാടില്ല. -കളക്ടര്‍
കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങളില്‍ മാസ്ക് ധരിക്കാതെ യാത്ര ചെയ്യാന്‍ പാടില്ല. മാസ്ക് ധരിക്കാതെ യാത്രക്കാരെ കയറ്റിയാല്‍ സ്വകാര്യ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. പൊതുയിടങ്ങളില്‍ കോവിഡ് ചട്ടം ലംഘിച്ചാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ പിഴ ഈടാക്കാനും തീരുമാനമായി. പൊതുയിടങ്ങളിലും വാഹനയാത്രക്കിടയിലും വ്യാപകമായി കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
രാത്രി 9 നു ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള
ഭക്ഷണകടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്
ജില്ലയില്‍ ഒരിടത്തും രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും വൈകീട്ട് ആറുമണിക്ക് ശേഷം തട്ടുകടകളും തുറന്ന് പ്രവര്‍ത്തിക്കരുത്. തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ ഉടന്‍ കട പൂട്ടിക്കാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും കാഞ്ഞങ്ങാട്, കാസര്‍കോട് ഡിവൈഎസ്പിമാരെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഡിസംബര്‍ രണ്ടാം വാരത്തിനു ശേഷം കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാറിന്റെ മുന്നറിയിപ്പുണ്ട്. രണ്ടാം തരംഗത്തില്‍ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകള്‍ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ജില്ലയില്‍ കോവിഡ് രോഗപ്രതിരോധത്തില്‍ ജില്ല മെച്ചപ്പെട്ട നിലയിലാണ്. ഇത് തകരാതിരിക്കാന്‍ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. അതിനാല്‍ കോവിഡ് ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സിഡണ്ട് കമാന്റര്‍മാരായ തഹസില്‍ദാര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് കളകടര്‍ അറിയിച്ചു. പൊതു ഇടങ്ങളിലെ കോവിഡ് ചട്ടലംഘനത്തിനെതിരെ യൂണിഫോം തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാം. മാഷ് പദ്ധതിയിലെ അധ്യാപകര്‍ക്കും പരിശോധന നടത്തി നടപടി സ്വീകരിക്കാം.
വിവാഹത്തിനും ചടങ്ങുകള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം
വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും അതത് തദ്ദേശഭരണ സ്ഥാപനത്തില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് കളക്ടര്‍ പറഞ്ഞു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്ക് പരാമധി 50 പേരെ പങ്കെടുപ്പിക്കാന്‍ മാത്രമേ അനുമതിയുള്ളൂ.
തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോവിഡ് ചട്ടം ഉറപ്പുവരുത്തണം
വീടുകയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും പൊതു ഇടങ്ങളിലെ പ്രചരണങ്ങള്‍ക്കിടയിലും കോവിഡ് ചട്ടങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ പറഞ്ഞു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കേരള പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും. ജില്ലയില്‍ സി ആര് പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ പിന്‍വലിച്ചതിനാലും സെക്ടറല്‍ മജിസ്ട്രേട്ടുമാരെ പിന്‍വലിച്ചതിനാലും അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് പുനരാംരംഭിച്ചതിനാലും കോവിഡ് രോഗ വ്യാപന സാധ്യതയുള്ളതിനാല്‍ നടപടികള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.
- Log in to post comments