2020 ലെ അംബേദ്കർ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
ഭരണഘടനാശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവർഗ ക്ഷേമവകുപ്പ് ഏർപ്പെടുത്തിയ 2020 ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ച ഏറ്റവും മികച്ച മാധ്യമ റിപ്പോർട്ടുകൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഡോ.ബി.ആർ അംബേദ്കറുടെ പരിനിർവ്വാണദിനമായ ഡിസംബർ 6 നാണ് എല്ലാ വർഷവും അവാർഡ് പ്രഖ്യാപിക്കുന്നത്.
അച്ചടിമാധ്യമ വിഭാഗം
മാധ്യമം ആഴ്ചപതിപ്പിന്റെ 2020 ജൂൺ 22, 28 തിയതികളിലെ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച 'ദളിത് കോളനികൾ- നൂറു വർഷത്തിന്റെ ചരിത്രവും വർത്തമാനവും' എന്ന ആർ.കെ ബിജുരാജിന്റെ (ചീഫ് സബ്എഡിറ്റർ, മാധ്യമം) ലേഖനത്തിനാണ് അവാർഡ്. 30,000 രൂപയും ഫലകവുമാണ് അവാർഡ്. കേരളത്തിലെ ദളിത് കോളനികളുടെ ആവിർഭാവത്തേയും വികാസത്തെയും തൽസ്ഥിതിയെയും അപഗ്രഥനം ചെയ്യുന്ന ഈ ലേഖനം ചരിത്രപഠനം കൊണ്ടും സമഗ്രതകൊണ്ടും അനന്യമാണ്. ആകെ ലഭിച്ച 17 എൻട്രികളിൽ നിന്നാണ് ആർ.കെ. ബിജുരാജിന്റെ ഗവേഷണസമ്പന്നമായ ഈ ലേഖനം പുരസ്‌കാരത്തിന് തെരഞ്ഞടുത്തത്.
2019 ഒക്‌ടോബർ 14ന് സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ച 'അയിത്തം പേറുന്ന ഒരു ജാതിസ്‌കൂൾ' എന്ന രേഖാചന്ദ്രയുടെ (സ്റ്റാഫ് കറസ്‌പോണ്ടന്റ്, സമകാലികമലയാളം വാരിക) റിപ്പോർട്ടും, ദേശാഭിമാനി ദിനപത്രത്തിൽ 2019 സെപ്റ്റംബർ 24 മുതൽ നാല് ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച സതീഷ് ഗോപിയുടെ (സീനിയർ ന്യൂസ് എഡിറ്റർ) 'ജീവിതം മെടയുന്നവർ' എന്ന ലേഖനപരമ്പരയും സ്‌പെഷ്യൽ ജൂറി അവാർഡിനായി തെരഞ്ഞെടുത്തു.
ദൃശ്യമാധ്യമ വിഭാഗം
മാതൃഭൂമി ചാനലിൽ 2020 ഫെബ്രുവരി 29ന് സംപ്രേക്ഷണം ചെയ്ത 'അട്ടപ്പാടിയിലെ ശിശുരോദനം' എന്ന ജി. പ്രസാദ്കുമാറിന്റെ (സീനിയർ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി ന്യൂസ്, പാലക്കാട്) റിപ്പോർട്ടിനാണ് പുരസ്‌കാരം. 30,000 രൂപയും ഫലകവുമാണ് അവാർഡ്. അട്ടപ്പാടിയിലെ ആദിവാസികോളനികളിലേക്ക് ഇനിയും വികസനവും വളർച്ചയും എത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ആകെ ലഭിച്ച 14 എൻട്രികളിൽ നിന്നാണ് ഈ റിപ്പോർട്ട് അവാർഡിനായി തെരഞ്ഞെടുത്തത്.
2020 മാർച്ച് 14ന് ജീവൻ ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്ത സിജോ വർഗീസിന്റെ (റിപ്പോർട്ടർ, ജീവൻ ടി.വി, ഇടുക്കി) 'മുളങ്കാടിനു മുകളിലെ ആദിവാസിജീവിതം' എന്ന റിപ്പോർട്ടും, 2019 ഒക്‌ടോബർ 7ന് ന്യൂസ് 18 കേരളയിലൂടെ സംപ്രേക്ഷണം ചെയ്ത എസ്. വിനേഷ്‌കുമാറിന്റെ (കോഴിക്കോട് സീനിയർ കറസ്‌പോണ്ടന്റ്) 'മലമടക്കിലെ പണിയജീവിതങ്ങൾ' എന്ന റിപ്പോർട്ടും സ്‌പെഷ്യൽ ജൂറി അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു.
ശ്രവ്യമാധ്യമ വിഭാഗം
2020 മാർച്ച് 16, 18 തിയതികളിൽ കമ്മ്യൂണിറ്റിറേഡിയോ 'മാറ്റൊലി 90.4 എഫ്.എം' റേഡിയോയിൽ പ്രക്ഷേപണം ചെയ്ത അമൃത.കെയുടെ (കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി 90.4 എഫ്.എം) കുരങ്ങുപനി, പക്ഷിപ്പനി എന്നിവയെക്കുറിച്ച് ഗോത്ര ഭാഷയിൽ തയ്യാറാക്കി പ്രക്ഷേപണം ചെയ്ത റിപ്പോർട്ടിനാണ് പുരസ്‌കാരം. 15,000 രൂപയും ഫലകവുമാണ് അവാർഡ്.
പി.ആർ.ഡി ഡയറക്ടർ എസ്. ഹരികിഷോർ ഐ.എ.എസ് ചെയർമാനും ടി.ചാമിയാർ, മുൻ ഡയറക്ടർ ദൂരദർശൻ, ഋഷി കെ മനോജ്, ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം, ജേക്കബ് ജോർജ്ജ്, സീനിയർ ജേണലിസ്റ്റ്, എം. സരിതവർമ്മ സീനിയർ ജേണലിസ്റ്റ് എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.
പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കുന്നതാണ്.
പി.എൻ.എക്സ്. 4255/2020
- Log in to post comments