സ്പെഷ്യല്‍ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി
തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോവിഡ് പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പോസ്റ്റല്‍ വോട്ടിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട സ്പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍മാര്‍ക്ക് മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് പരിശീലനം നല്കി. പോസ്റ്റല്‍ വോട്ടിങ്ങ് നിര്‍വ്വഹിക്കേണ്ട രീതി, സുരക്ഷ മുന്‍കരുതലുകള്‍, പിപിഇ കിറ്റ് ധരിക്കുന്ന വിധം, പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിക്കുകയും റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് കൈമാറുകയും ചെയ്യുന്ന വിധം തുടങ്ങിയ കാര്യങ്ങളിലാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്.
പോളിംഗ് ഓഫീസര്‍, പോളിംഗ് അസിസ്റ്റന്റ്, പോലീസ് ഉദ്യോഗസ്ഥന് എന്നിവരടങ്ങുന്ന ഒരു ടീമാണ് രോഗബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും അടുത്ത് നേരിട്ടെത്തി പോസ്റ്റല്‍ വോട്ടിങ്ങിനുള്ള ബാലറ്റ് പേപ്പറുകള്‍ കൈമാറുന്നത്. പി.പി. ഇ കിറ്റ് അടക്കമുള്ള സുരക്ഷ സൗകര്യങ്ങളും ഡബിള്‍ ചേംബര്‍ വാഹനങ്ങളും ഉദ്യോഗസ്ഥര്‍ക്കായി നല്‍കും. ദിവസേന സ്വീകരിക്കുന്ന ബാലറ്റുകള്‍ വൈകിട്ട് റിട്ടേണിങ്ങ് ഓഫീസര്‍മാര്‍ക്ക് തിരികെ കൈമാറും. 311 ടീമുകളാണ് ജില്ലയിലുള്ളത്. ഡിസംബര്‍ 13 വൈകിട്ട് മൂന്ന് വരെ ആരോഗ്യ വകുപ്പ് തയ്യാറാക്കി നല്കുന്ന 19 എ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിങ്ങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ അനുവാദമില്ല.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.വേണുഗോപാല്‍, സീനിയര്‍ സൂപ്രണ്ട് കെ സദാനന്ദന്, പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. സുരക്ഷ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്കി.
- Log in to post comments