Skip to main content

പെരുമ്പളം ദ്വീപ് പഞ്ചായത്തിൽ ഉയര്‍ന്ന പോളിംഗ് 

 

ആലപ്പുഴ : കേരളത്തിലെ ഏറ്റവും വലിയ ദ്വീപ്  പഞ്ചായത്തായ പെരുമ്പളം ദ്വീപിൽ 87.32 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  
ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളോട് അതിരുപങ്കിടുന്ന ദ്വീപ് പഞ്ചായത്തായ പെരുമ്പളത്തിനു  പ്രത്യേകതകൾ അനവധിയാണ്.  ചേർത്തല താലൂക്കിൽ വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്താണ് പെരുമ്പളം. 7838 ആണ് ഇവിടുത്തെ വോട്ടർമാരുടെ എണ്ണം. ഇവരിൽ 3848 പുരുഷന്മാരും 3990 സ്ത്രീകളും ആണുള്ളത്. 

 നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പെരുമ്പളം ദ്വീപിലേക്ക്   വോട്ടിംഗ് സാമഗ്രികൾ കൊണ്ടുവന്നത്  ജങ്കാറിലാണ്. തലേന്നുതന്നെ ഉദ്യോഗസ്ഥര്‍ ജാങ്കാര്‍ വഴി അവരവരുടെ ബൂത്തുകളിലെത്തി പോളിങ്ങിനുള്ള സംവിധാനങ്ങള്‍ ഒരുക്കി. നിശ്ചിത സമയം ഇടവിട്ട് സർവീസ് നടത്തുന്ന വാട്ടർ അതോറിറ്റിയുടെ ബോട്ടുകൾ ഉദ്യോഗസ്ഥരെ  കൃത്യസമയത്ത് ദ്വീപിൽ എത്താൻ സഹായിച്ചു. ദ്വീപിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് അത്യാവശ്യഘട്ടങ്ങളിൽ മറുകരയിൽ എത്താൻ ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ടും  തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരുന്നു. ദ്വീപിന് അകത്തുള്ള യാത്രകൾ സുഗമമാക്കാൻ ആവശ്യമുള്ള വാഹനങ്ങളും സാദാസമയവും സജ്ജമായുണ്ടായിരുന്നു. 13 വാർഡുകളിലായി 13 പോളിംഗ് സ്റ്റേഷനുകളാണ് പെരുമ്പളം പഞ്ചായത്തിൽ ഒരുക്കിയിരുന്നത്.  ദ്വീപിലെ  നാല് സ്കൂളുകളിലും  പോളിംഗ് സ്റ്റേഷൻ ഉണ്ട്. 
16.14 ചതുരശ്ര കിലോമീറ്ററാണ് പെരുമ്പളം പഞ്ചായത്തിന്‍റെ വിസ്തൃതി. അഞ്ചുകിലോമീറ്റർ നീളമുണ്ട്. രണ്ട് കിലോമീറ്ററാണ് ദ്വീപിന്റെ വീതി.

date