Skip to main content

പാഴ് തുണികള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് അഴിയൂരിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 1600 ലധികം വീടുകളില്‍ നിന്ന് 15 ടണ്‍ പാഴ് തുണികള്‍ ശേഖരിച്ച് മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് മികവ് കാട്ടി അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍. ശേഖരിച്ച തുണികളില്‍ 6 ടണ്‍ തുണികള്‍ കോഴിക്കോട് കേന്ദ്രമായി മാലിന്യ നിര്‍മാര്‍ജ്ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേര്‍മ്സ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിയിലേക്ക് കയറ്റി അയച്ചു.

തുണി കയറ്റി അയച്ച വണ്ടിയുടെ ഫ്ളാഗ് ഓഫ് ചോമ്പാല്‍ സി.ഐ ടി.എന്‍ സന്തോഷ് കുമാര്‍ ഷെഡ്രിംഗ് യൂനിറ്റില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിനോ, ഹരിതകര്‍മ്മ സേനക്കോ യാതൊരു ചിലവും ഇല്ലാതെയാണ് പാഴ് തുണികള്‍ കയറ്റി അയച്ചത്. ഡിസംബര്‍ ഒന്ന് മുതല്‍ 8 വീടുകളില്‍ നേരിട്ട് പാഴ് തുണികള്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശേഖരിച്ച് ഷെഡ്രിംഗ് യുനിറ്റില്‍ എത്തിക്കുകയായിരുന്നു.പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹരിത കര്‍മ്മ സേന ലീഡര്‍ എ.ഷിനി, ഗ്രീന്‍ വേര്‍മ്സ് കോഴിക്കോട് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എ.കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ബാക്കിയുള്ള തുണി അടുത്ത ദിവസം തന്നെ കയറ്റി അയക്കും.
 

date