സ്പെഷ്യല്‍ തപാല്‍ ബാലറ്റ്: തപാലിലൂടെയും അയയ്ക്കും
കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാലറ്റുകള്‍ തപാലിലൂടെയും അയച്ച് കൊടുക്കും. നിലവില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റിലുള്ളവര്‍ക്ക് സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ താമസസ്ഥലത്ത് നേരിട്ടെത്തിയാണ് സ്പെഷ്യല്‍ തപാല്‍ ബാലറ്റ് നല്‍കുന്നത്. ചില സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടെത്തുന്നതിനും ബാലറ്റ് നല്‍കുന്നതിനും അസൗകര്യങ്ങള്‍ നേരിട്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ബാലറ്റ് പേപ്പറുകള്‍ നേരിട്ട് നല്കാന് കഴിയാത്ത സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക്് അവരുടെ മേല്‍വിലാസത്തിലേക്ക് വരണാധികാരികള്‍ ബാലറ്റുകള്‍ തപാല്‍ മാര്‍ഗമാണ് അയയ്ക്കുക. സ്പെഷ്യല്‍ ബാലറ്റിനായി സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക്് നേരിട്ടും വരണാധികാരിക്ക്് അപേക്ഷ നല്‍കാവുന്നതാണ്.
സ്പെഷ്യല്‍ ബാലറ്റ് അയച്ചുകഴിഞ്ഞാല്‍ വോട്ടര്‍പ്പട്ടികയുടെ മാര്‍ക്ക്ഡ് കോപ്പിയില്‍ SPB എന്ന് അടയാളപ്പെടുത്തും. ബാലറ്റ് ലഭിക്കുന്ന കവറിനുള്ളില്‍ അപേക്ഷാ ഫോറം (ഫാറം 19 ബി), സത്യപ്രസ്താവന (ഫാറം 16), ബാലറ്റ് പേപ്പര്‍, ബാലറ്റ് പേപ്പര്‍ ഇടാനുള്ള കവറുകള്‍ എന്നിവ യുണ്ടാകും. അപേക്ഷാ ഫോറം പൂരിപ്പിച്ച് (ഫാറം 19 ബി) ഒപ്പിട്ട് സത്യപ്രസ്താവന (ഫാറം 16) ഗസറ്റഡ് ഓഫീസറെയോ സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് ഓഫീസറെയോ മറ്റ് ഓഫീസര്‍മാരെയോ കൊണ്ട് സാക്ഷ്യപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ബാലറ്റ് ചെറിയ കവറില്‍ ഇട്ട് ഒട്ടിക്കണം. അപേക്ഷാ ഫാറവും ചെറിയ കവറും സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും വലിയ കവറിലിട്ട് ഒട്ടിച്ചതിനു ശേഷമേ തപാലിലൂടെ ആള്‍വശമോ അയയ്ക്കാവു. വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ് ലഭിക്കത്തക്ക വിധം ബന്ധപ്പെട്ട വരണാധികാരിക്ക് തപാല്‍ മാര്‍ഗമോ ആള്‍വശമോ എത്തിക്കണം.
- Log in to post comments