സമാധാന പൂര്‍ണ്ണമായ തെരഞ്ഞെടുപ്പിന് എല്ലാവരും സഹകരിക്കണം- ജില്ലാ കളക്റ്റര്‍
സമാധാന പൂര്‍ണ്ണമായ തെരഞ്ഞെടുപ്പിനും സമ്മതിദായകര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനും കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്ണന് അഭ്യര്‍ത്ഥിച്ചു. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ള കടലാസിലായിരിക്കും. അവയില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകില്ല. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് നിരീക്ഷകന്, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍, വെബ് കാസ്റ്റിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും പോളിങ് സ്റ്റേഷനകത്ത് മൊബൈല്‍ ഫോണ്‍ കൊണ്ട് പോകാന്‍ അനുവാദമില്ല.
വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളില്‍ പോളിങ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ. ഇവിടെ സ്ഥാനാര്‍ത്ഥിയുടെ പേര,് പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. പഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിക്കുള്ളിലും നഗരസഭയില്‍ 100 മീറ്റര്‍ പരിധിക്കുള്ളിലും വോട്ട് അഭ്യര്‍ഥിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്കും ഈ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാട രഹിതമാണെന്ന് ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ ആഹാര സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല.
പോളിങ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും കരുതണം. സ്ലിപ്പ് വിതരണത്തിന് രണ്ട് പേരില്‍ കൂടുതല്‍ പാടില്ല. വിതരണം നടത്തുന്നവര്‍ മാസ്കും കയ്യുറയും ധരിക്കണം. സംഘര്‍ഷം ഒഴിവാക്കുന്നതിനായി ബൂത്തുകള്‍ക്ക് സമീപവും രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മ്മിക്കുന്ന ക്യാമ്പിന്റെ പരിസരത്തും ആള്‍ക്കൂട്ടം ഒഴിവാക്കണം. വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം പാലിച്ച് അധികാരികളുമായി സഹകരിക്കണം. പെര്‍മിറ്റുകള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ജില്ലാ കളക്റ്റര്‍ കെ ഗോപാല
കൃഷ്ണന് അറിയിച്ചു.
- Log in to post comments