കെ.എസ്.ആർ.ടി.സിയിലെ ഹിതപരിശോധന ഡിസംബർ 30 ന്
ഒരുക്കങ്ങൾ പൂർത്തിയായി
എറണാകുളം: കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധന ഡിസംബർ 30 ന് നടക്കും. 2021 ജനുവരി ഒന്നിനാണ് വോട്ടെണ്ണൽ. ഏഴ് സംഘടനകളാണ് മത്സരത്തിനുള്ളത്.
ഹിതപരിശോധനക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസർ കൂടിയായ റീജണൽ ജോയിൻ്റ് ലേബർ കമീഷണർ ഡി.സുരേഷ് കുമാർ അറിയിച്ചു. കെ.എസ്.ആർ.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളാണ് സമ്മതിദായകരായിട്ടുള്ളത്. സ്ഥംസ്ഥാനത്താകെ 100 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഡിപ്പോയും ഓരോ ബൂത്താണ്. ജീവനക്കാർക്ക് അതാത് ഡിപ്പോയിൽ വോട്ട് ചെയ്യാം. രാവിലെ 7.30 മുതൽ വൈകീട്ട് 5.30 വരെയാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിനായി 300 ജീവനക്കാരെയാണ് നിയമിക്കുന്നത്. ജില്ലാ ലേബർ ഓഫീസർമാരാണ് ഓരോ ജില്ലയുടെയും സഹവരണാധികാരികൾ. ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ്. ബാലറ്റ് പേപ്പറുകളുടെ അച്ചടി പൂർത്തിയായി. 2021 ജനുവരി ഒന്നിന് എറണാകുളം ജില്ലാ ലേബർ ഓഫീസിൽ വോട്ടെണ്ണൽ നടക്കും.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) , കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു), കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ, കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) , കെ.എസ്.ആർ.ടി.സി എംപ്ലോയീസ് ഫ്രണ്ട് യൂണിയൻ, ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) , കെ.എസ്.ആർ.ടി.ഇ വെൽഫെയർ അസോസിയേഷൻ എന്നീ സംഘടനകളാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിൻ്റെ15 ശതമാനം വോട്ടെങ്കിലും ലഭിക്കുന്ന സംഘടനകൾക്കാണ് അംഗീകാരം നൽകുന്നത്. 51 ശതമാനമോ അതിൽ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെ സോൾ ബാർഗെയ്നിംഗ് ഏജൻറായി പരിഗണിക്കും. കോർപറേഷൻ എടുക്കുന്ന തീരുമാനങ്ങൾ ഏജൻ്റിൻ്റെ മാത്രം അംഗീകാരത്തോടെ നടപ്പിലാക്കാൻ സാധിക്കുന്നതാണ്.
മൂന്നു വർഷം കൂടുമ്പോഴാണ് ഹിതപരിശോധന നടത്തുന്നത്. എന്നാൽ 2016 ലാണ് അവസാനമായി നടത്തിയത്. 2016ൽ സി.ഐ.ടി.യു വിന് 48.52 ശതമാനം വോട്ടും , ടി.ഡി.എഫിന് 27.01 ശതമാനം വോട്ടും
ബി.എം.എസിന് എട്ട് ശതമാനം വോട്ടുമാണ് ലഭിച്ചത്.
Reply all
Forward
- Log in to post comments