ചീക്കോട് കുടിവെള്ള പദ്ധതി ജലവിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍: പ്രവൃത്തി ഉദ്ഘാടനം ഇന്ന് മന്ത്രി നിര്‍വഹിക്കും.
കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ ചീക്കോട് പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണ ശൃംഖല സ്ഥാപിക്കല്‍ പ്രവൃത്തി ഇന്ന്( ജനുവരി നാല്) രാവിലെ 11ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഓമാനൂര്‍ യു.എ.എച്ച്.എം യു.പി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായാണ് പരിപാടി. ടി.വി.ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനാകും. പി.കെ.കുഞ്ഞാലികുട്ടി എം.പി, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചീക്കോട്, മുതുവല്ലൂര്‍, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, ചെറുകാവ് എന്നീ പഞ്ചായത്തുകളില്‍ ചീക്കോട് പദ്ധതിയുടെ ബാക്കി വരുന്ന വിതരണ ശ്യംഖല സ്ഥാപിക്കാനായി സ്്‌റ്റേറ്റ് പ്ലാന്‍ 2018-20 ല്‍ ഉള്‍പ്പെടുത്തി 2020 ജൂണ്‍ 29ന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയ പദ്ധതിയാണിത്. ചീക്കോട് കുടിവെള്ള പദ്ധതി നിലവില്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകള്‍ക്കും കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര നഗരസഭയ്ക്കുമായി 41 എം. എല്‍.ഡി ജലശുദ്ധീകരണശാലയും അനുബന്ധ ഘടകങ്ങളായ ജലസംഭരണി, പ്രധാന പമ്പിങ് മെയിന്‍, ഗ്രാവിറ്റി മെയിന്‍ വിതരണ ശ്യംഖല എന്നിവയും നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ പഞ്ചായത്തുകളില്‍ ഏകദേശം 20 കീ.മീ അധികം വിതരണ ശൃംഖല സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കി വരുന്ന പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ജലവിതരണം നടത്താന്‍ പുതിയ പദ്ധതിയിലൂടെ നിലവിലുള്ള ചീക്കോട് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ള വിതരണ ശൃംഖലയുടെ പൂര്‍ത്തീകരണമാണ് ഉദ്ദേശിക്കുന്നത്. ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളില്‍ പൂര്‍ണമായും വിതരണ ശൃംഖല സ്ഥാപിക്കുകയും ചെയ്യും.
ആറ് പാക്കേജുകളായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാമത്തെ പാക്കേജില്‍ 9.16 കോടി രൂപക്ക് ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളില്‍ ചീക്കോട് പദ്ധതിയുടെ ബാക്കി വരുന്ന 77.05 കി.മീ വിതരണ ശൃംഖല സ്ഥാപിക്കല്‍, രണ്ടാമത്തെ പാക്കേജില്‍ 9.50 കോടി രൂപക്ക് വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളില്‍ 90.7 കി.മീ വിതരണ ശൃംഖല സ്ഥാപിക്കല്‍, മൂന്നാമത്തെ പാക്കേജില്‍ 9.61 കോടി രൂപക്ക് പുളിക്കല്‍, ചെറുകാവ് പഞ്ചായത്തുകളില്‍ 94.9 കി.മീ വിതരണ ശ്യംഖല സ്ഥാപിക്കല്‍, നാലാമത്തെ പാക്കേജില്‍ 40 ലക്ഷം രൂപക്ക് ബാക്കിയുള്ള ചീക്കോട് പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാ പഞ്ചായത്തുകളിലും പുതിയ റോഡുകളിലൂടെ സര്‍വേ, അഞ്ചാമത്തെ പാക്കേജില്‍ മുതുവല്ലൂര്‍ പഞ്ചായത്തിലെ ചുള്ളിക്കോട് ഭൂതല ജലസംഭരണിക്ക് സമീപമുള്ള ഉയര്‍ന്ന പ്രദേശവാസികള്‍ക്കുള്ള ജലവിതരണ പദ്ധതി, ആറാമത്തെ പക്കേജില്‍ ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളില്‍ പൂര്‍ണമായും ജലവിതരണ ശ്യംഖല സ്ഥാപിക്കല്‍ എന്നിങ്ങനെയാണ് നടപ്പിലാക്കുന്നത്.
പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ കൊണ്ടോട്ടി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ 9,6150 ജനങ്ങള്‍ക്ക് പ്രതി ശീര്‍ഷം 10 ലിറ്റര്‍ ശുദ്ധജലം ലഭിക്കും. കുടിവെള്ള പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി നഗരസഭയില്‍ കുടിവെള്ള വിതരണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 108 കോടി രൂപയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.
- Log in to post comments