Skip to main content

കുണ്ടന്നൂർ മേൽപ്പാലം ജനങ്ങളോടുള്ള കരുതലിന്റെ ഭാഗം: മുഖ്യമന്ത്രി

  എറണാകുളം: പൂർണമായും സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയതിനാൽ കുണ്ടന്നൂർ മേൽപ്പാലത്തിലൂടെ ടോൾരഹിത യാത്ര സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുണ്ടന്നൂർ മേൽപ്പാല ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഇല്ലാതെയാണ് കുണ്ടന്നൂർ പാലം നിർമിച്ചത്. മേൽപ്പാലം യാഥാർഥ്യമായതോടെ കുണ്ടന്നൂരിന് ഇരട്ട ഗുണമാണ് ലഭിച്ചത്.ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ഈ ഭാഗത്തെ ദേശീയ പാതയിലൂടെയുള്ള സഞ്ചാരത്തിന് സിഗ്നൽ ആവശ്യമില്ലാതെയുമാകുന്നു. പാലം ജനങ്ങളോടുള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
          അനുവദിച്ച തുകയിൽ നിന്നും 3.34 കോടി രൂപ ലാഭിച്ചുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വൈറ്റിലയിലും അടങ്കൽ തുകയിൽ കുറഞ്ഞ തുകയ്ക്കാണ് മേൽപ്പാലനിർമ്മാണം പൂർത്തിയാക്കിയത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഇല്ലാതെയാണ് ഈ പദ്ധതികളെല്ലാം പൂർത്തിയാക്കിയിട്ടുള്ളത്. അടിസ്ഥാനസൗകര്യ വികസനത്തിന് മുന്തിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. ഇരുപതിനായിരം കോടിരൂപ മുതൽ മുടക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിലൂടെ മാത്രം യാഥാർഥ്യമാക്കി. കിഫ്ബിയിലൂടെ സംസ്ഥാനത്ത് യാഥാർഥ്യമാക്കിയത് പതിനായിരം കോടിയിലധികം രൂപയുടെ പദ്ധതികളാണ്. ബജറ്റിൽ പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങളും ഇതോടൊപ്പം പൂർത്തിയാക്കി.
     കോവിഡ് ഉൾപ്പെടെ അടുപ്പിച്ച് വന്ന വിവിധ പ്രതിസന്ധികൾക്കിടയിലും വൻകിട പദ്ധതികളിലുൾപ്പെടെ ശ്രദ്ധയോടെ പുരോഗതി കൈവരിക്കാൻ സർക്കാരിന് സാധിച്ചു. ഇടവേളകൾ ഇല്ലാതെ വന്ന പ്രതിസന്ധികൾക്കിടയിലും നാടിന്റെ ആവശ്യങ്ങൾ നിറവേറ്റാനായി എന്ന സംതൃപ്തി നാടിനും ജനങ്ങൾക്കും ഉണ്ട് . എല്ലാവർക്കും ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതിയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള വിവിധ പദ്ധതികളും പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
   സംസ്ഥാനത്തെ കുടുംബങ്ങളിലെ വരുമാന രീതിയിൽ മാറ്റം വരുത്താൻ പോകുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കും.  ഓരോ കുടുംബത്തിലും മത്സ്യകൃഷി വ്യാപിപ്പിക്കും. കന്നുകാലി സമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള സഹായം കേരള ബാങ്കിന്റെ കീഴിൽ പ്രാഥമിക സഹകരണ സംഘങ്ങൾവഴി നൽകും .ഈ മാസം  ക്ഷേമപെൻഷൻ ഇനത്തിൽ  1500 രൂപയാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ കൈകളിൽ എത്തുന്നത്. ദാരിദ്രം ഒഴിവാക്കുന്നതിനും നാട്ടിൽ പട്ടിണി ഉണ്ടാകരുതെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത്. ക്ഷേമ പെൻഷൻ 600 രൂപയിൽ നിന്നും 1500 രൂപയാക്കി ഉയർത്തി. നാടിന്റെ വികസനം പാലം, റോഡ് എന്നിവയുടെ വികസനം മാത്രമല്ല എല്ലാ മേഖലയുടെയും വികസനമായാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി വ്യകതമാക്കി.
       ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ദേശീയ പാത 66 ലെ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ എറണാകുളത്തെ ഗതാഗതത്തിന് മാത്രമല്ല സംസ്ഥാനാന്തര ഗതാഗതത്തിനും മുൽക്കൂട്ടാണെന്ന് പറഞ്ഞു. നിർമാണരംഗത്ത്  പൊതുമരാമത്ത് വകുപ്പിന് കാലത്തിനൊത്ത പുരോഗതി കൈവരിക്കാൻ സാധിച്ചു. ഗ്രാമങ്ങളിൽപോലും ബി.എം.ബി.സി റോഡുകൾ സാധ്യമായതോടെ സമൂഹത്തിൽ മാറ്റങ്ങൾ വരികയാണ്. 
    ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ധനകാര്യ വകുപ്പ് മന്ത്രി ടി. എം. തോമസ് ഐസക്ക് ആഗോള സാമ്പത്തിക തകർച്ചയുടെ കാലത്തും കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസമുണ്ടായില്ലെന്ന് പറഞ്ഞു. കിഫ്ബിയുടെ ധനസഹായത്തോടെ കേരളത്തിന് ഇന്ത്യയിലെ ഏറ്റവും വലിയ മാന്ദ്യ വിരുദ്ധ പാക്കേജ് തയ്യാറാക്കാൻ സാധിച്ചു. കൊച്ചിയുടെ എല്ലാ വികസന ആവശ്യങ്ങൾക്കും സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
      ചടങ്ങിൽ ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ പി.ടി തോമസ്, എം. സ്വരാജ്, എസ്. ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, മുന്‍ എം.പി  കെ.വി തോമസ്,  ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ദേശീയപാത ചീഫ് എഞ്ചിനീയര്‍ എം. അശോക് കുമാര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, മരട് മുനിസിപ്പാലിറ്റി ചെയർമാൻ ആന്റണി ആശാൻപറമ്പിൽ,  കൗൺസിലർമാരായ സി.വി.സന്തോഷ്, സി.ആർ. ഷാനവാസ്, സിബി മാസ്റ്റർ, ആർ.ബി.ഡി.സി.കെ. മാനേജിങ് ഡയറക്ടർ ജാഫർ മലിക് എന്നിവർ സന്നിഹിതരായിരുന്നു.

date