കാട് അറിഞ്ഞ് കാഴ്ച കാണാം; സൗകര്യങ്ങളൊരുക്കി ഭൂതത്താൻകെട്ട് ടൂറിസം കേന്ദ്രം
കൊച്ചി:കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഭൂതത്താൻ കെട്ട് ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികൾ എത്തി തുടങ്ങി. കാട് അറിഞ്ഞ് കാഴ്ച കണ്ട് ഭൂതത്താൻ കെട്ടിൻ്റെ ഭംഗി ആസ്വദിക്കുന്നവർക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് അധികൃതർ.
ബോട്ടിങ്ങിന് പുറമെ കയാക്കിങ്ങ് ഉൾപ്പെടെ ഒട്ടനവധി ജല കേളികൾ,
ട്രീ ഹൗസ് എന്നിവ സഞ്ചാരികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. കാനനഭംഗി ആസ്വദിച്ച് നടക്കാൻ വിശാലമായ വാക്കിംഗ് ഏരിയയുമുണ്ട്.
വിനോദ സഞ്ചാരികൾക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്.ഭൂതത്താൻകെട്ടിൽ ഇപ്പോൾ 10 ബോട്ടുകൾക്കാണ് സർവ്വീസ് അനുമതി ലഭിച്ചിട്ടുള്ളത്.ഇതിൽ നാല് വലിയ ഹൗസ് ബോട്ടുകളും,ആറ് ചെറിയ ബോട്ടുകളുമാണുള്ളത്.രാവിലെ 8 ന് ആരംഭിക്കുന്ന സർവ്വീസ് വൈകിട്ട് 5 വരെയുണ്ടാകും.കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വലിയ ബോട്ടിൽ 30 മുതൽ 50 ആളുകൾക്ക് വരെ യാത്ര ചെയ്യാം.ചെറിയ ബോട്ടുകളിൽ പത്ത് പേർക്കു വരെ സഞ്ചരിക്കാം.ഇപ്പോൾ തട്ടേക്കാട്, ഞായപ്പിള്ളി എന്നീ രണ്ട് ഭാഗങ്ങളിലേക്കാണ് സർവ്വീസ് നടത്തുന്നത്. ബോട്ടിങ്ങിന് ഒരാൾക്ക് 180 രൂപ എന്ന നിരക്കിലാണ് ചാർജ് ഈടാക്കുന്നത്. 20 പേരടങ്ങുന്ന ഭക്ഷണമുൾപ്പെടെയുള്ള പാക്കേജിന് 950 രൂപയാണ് നിരക്ക്.
2 ലക്ഷത്തിൽ അധികം ആളുകളാണ് വർഷം തോറും ഭൂതത്താൻകെട്ട് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കുന്നത്.വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി ഡാം റീ ഹാബിലിറ്റേഷൻ ഇംപ്രൂവ്മെന്റ് പ്രോഗ്രാം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
40 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ടൂറിസം കേന്ദ്രത്തിൻ്റെ അനന്ത സാധ്യതകൾ കണക്കിലെടുത്ത്
ഭൂതത്താൻകെട്ട് സൗന്ദര്യവത്കരണ പദ്ധതിക്കായി 2017ൽ
2 കോടി 35 ലക്ഷം രൂപയാണ് അനുവദിച്ചത്.
പദ്ധതിയുടെ ഭാഗമായി കോർട്ടേജുകളുടെ നവീകരണം, ഏറുമാടം,നടപ്പാതകൾ,ലാൻഡ് സ്കേപ്പിങ്ങ് തുടങ്ങിയവ വിനോദ സഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ പൂർത്തിയാക്കാൻ സാധിച്ചു.ഇതിൻ്റെ നടത്തിപ്പിനും,പരിപാലനത്തിനുമായി ഫോർട്ട് കൊച്ചി ആസ്ഥാനമാക്കിയുള്ള ഗ്രീനിക്സ് എന്ന സ്ഥാപനം എഗ്രിമെൻ്റ് വച്ച് ഏറ്റെടുത്തിട്ടുണ്ട്.ഏർമാടങ്ങളുടെ ഇന്റീരിയർ,കോട്ടേജുകളുടെ ഇന്റീരിയർ, പെഡൽ ബോട്ടുകൾ,സൈക്കിൾ സവാരി,ട്രക്കിങ്ങ് അടക്കമുള്ള കാര്യങ്ങൾ ഗ്രീനിക്സിൻ്റെ മേൽ നോട്ടത്തിലാണ് നടത്തുന്നത്.ഒരു നിശ്ചിത തുക മാസം തോറും ടൂറിസം വകുപ്പിന് നല്കിയാണ് ഗ്രീനിക്സ് ഇതിൻ്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
കാട്ടിലൂടെയുള്ള സാഹസിക നടത്തവും ബോട്ട് യാത്രയും സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും സമ്മാനിക്കുക.
കൂടുതൽ വിവരങ്ങൾക്കായി ഫോൺ നമ്പർ:919847486470
- Log in to post comments