അദാലത്തുകളിലെ പരാതി പരിഹാരം; എറണാകുളം ജില്ല ഒന്നാമത്
പരിഹാരം കണ്ടത്
ആയിരത്തോളം പരാതികൾക്ക്
എറണാകുളം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്ന് റവന്യൂ വകുപ്പ് സംഘടിപ്പിച്ച താലൂക്ക് തല ഓൺലൈൻ അദാലത്തുകളിൽ ഏറ്റവും അധികം പരാതികൾ തീർപ്പാക്കി എറണാകുളം ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി.
1030 പരാതികൾ ലഭിച്ചതിൽ 919 പരാതികൾക്കും ജില്ലയിൽ പരിഹാരമായി. സങ്കീർണ്ണമായ നടപടിക്രമങ്ങൾ ഉണ്ടായിരുന്ന പരാതികൾ വരെ സമയബന്ധിതമായി തീർപ്പുകൽപ്പിച്ചതിലൂടെ ലഭിച്ചതിൽ 89% പരാതികളും പരിഹരിക്കാൻ ജില്ലയിലെ റവന്യൂവകുപ്പിന് കഴിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവുമധികം അദാലത്തുകൾ സംഘടിപ്പിച്ചതും എറണാകുളം ജില്ലയിലാണ്. 24 അദാലത്തുകൾ ആണ് ജില്ലയിൽ ഇതിനകം പൂർത്തിയാക്കിയത്.
കോവിഡ് പ്രതിസന്ധിമൂലം സർക്കാർ ഓഫീസുകളിലേക്ക് നേരിട്ട് എത്തുന്നതിൽ പൊതുജനങ്ങൾക്കുണ്ടായ പ്രയാസം മറികടക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം താലൂക്ക് തല ഓൺലൈൻ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം ജൂലൈ മാസം മുതൽ
എല്ലാ താലൂക്കുകളിലും ഒന്നിടവിട്ട് സംഘടിപ്പിക്കുന്ന ഓൺലൈൻ അദാലത്തുകളിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ട് പങ്കെടുത്തു. ജില്ലാ കളക്ടർ നേരിട്ട് 1001 പരാതികൾ കേൾക്കുകയും ചെയ്തു. കോതമംഗലം, മൂവാറ്റുപുഴ, പറവൂർ താലൂക്കുകളിൽ നാലു വീതവും കണയന്നൂർ, ആലുവ, കുന്നത്തുനാട്, കൊച്ചി താലൂക്കുകളിൽ മൂന്ന് വീതവും അദാലത്തുകൾ ആണ് ഇതിനകം സംഘടിപ്പിച്ചത്. കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലെ അടുത്ത അദാലത്ത് ഈ മാസം 23 ന് നടക്കും.
ഭൂമിസംബന്ധമായ പരാതികളാണ് അദാലത്തുകളിൽ എത്തിയതിൽ ഏറിയപങ്കും. പോക്കുവരവ്, കൈവശാവകാശം, സർവ്വേ സംബന്ധമായ പരാതികൾക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കണ്ടു. ദീർഘമായ നടപടിക്രമങ്ങൾ അവശേഷിച്ചിരുന്നവയിൽ കോവിഡ് കാലത്തും സമയബന്ധിതമായി പരിഹാരമുണ്ടാക്കി. മുൻ അദാലത്തുകളിൽ തീർപ്പാക്കാൻ അവശേഷിച്ചിരുന്ന 18 പരാതികളും ഇതോടൊപ്പം പരിഹരിച്ചു.
ഓരോ അദാലത്തിലും ജില്ലാ കളക്ടർ എസ്.സുഹാസ്, എ.ഡി.എം
സാബു.കെ. ഐസക്, തഹസീൽദാർമാർ എന്നിവർ പങ്കെടുത്തു. പരാതി പരിഹാരത്തിൽ ജില്ല കൈവരിച്ച നേട്ടം അഭിമാനാർഹമാണെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു
- Log in to post comments