കുഴല്‍ക്കിണറുകള്‍ അനിവാര്യ ഘട്ടത്തില്‍ മാത്രം: ജല പാര്‍ലമെന്റ്
സൗകര്യവും സാമ്പത്തിക ലാഭവും പരിഗണിച്ച് കുഴല്‍ കിണറുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ മാത്രമായി അത് പരിമിതപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജല പാര്‍ലമെന്റ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്വന്തമായി കിണര്‍ കുഴിക്കാന്‍ സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ കുടിവെള്ളത്തിനായി പൊതു കിണറുകളെ ആശ്രയിക്കണം. കുടിവെള്ളത്തിനുള്ള അവസാന മാര്‍ഗമെന്ന രീതിയില്‍ മാത്രമേ കുഴല്‍ കിണറിനെ കാണാന്‍ പാടുള്ളൂ എന്നും യോഗം അറിയിച്ചു. ഭൂഗര്‍ഭ ജലത്തിന്റെ തോത് ഭയാനകമാം വിധം കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുഴല്‍ക്കിണറുകള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജലപാര്‍ലമെന്റ് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജലപാര്‍ലമെന്റ് പി.കെ ശ്രീമതി ടീച്ചര്‍ എം.പി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സംയുക്ത പദ്ധതികള്‍ നടപ്പിലാക്കണമെന്ന് അവര്‍ പറഞ്ഞു. വലിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ജലസംരക്ഷണത്തില്‍ കണ്ണൂര്‍ ജില്ല മാതൃക സൃഷ്ടിക്കണമെന്നും എം.പി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ജലപാര്‍ലമെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മഴവെള്ള സംഭരണം ഉള്‍പ്പെടെ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ 28 ഗ്രാമപഞ്ചായത്തുകളില്‍ ജലലഭ്യത വര്‍ധിച്ചതായി പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ചൂണ്ടിക്കാട്ടി. ബാക്കിയുള്ള പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനും ഈ വര്‍ഷം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ടാങ്കറുകള്‍ വഴിയുള്ള കുടിവെള്ള വിതരണം ജില്ലയില്‍ ഇതുവരെ ആരംഭിക്കേണ്ടി വന്നിട്ടില്ലെന്ന് എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് പറഞ്ഞു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജലക്ഷാമം ഈ വര്‍ഷം കുറവാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.എം രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കഴിഞ്ഞവര്‍ഷം ജില്ലയില്‍ നടത്തിയ മാതൃകാപരമായ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും ജില്ലയിലെ മഴ ലഭ്യത, ഭൂഗര്‍ഭജലത്തിന്റെ തോത് തുടങ്ങിയ സ്ഥിതിവിവരക്കണക്കുകളും ഉള്‍പ്പെടുത്തിയ പ്രസന്റേഷന്‍ ചടങ്ങില്‍ അവതരിപ്പിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖകള്‍ ഉള്‍പ്പെടുത്തിയ ഹരിതകേരളം മിഷന്റെ കൈപ്പുസ്തകവും ചടങ്ങില്‍ വിതരണം ചെയ്തു.
- Log in to post comments