Skip to main content

ലെവല്‍ ക്രോസ് വിമുക്ത കേരളം ലക്ഷ്യം - മുഖ്യമന്ത്രി

നാടിന്റെ സമഗ്ര വികസനത്തിന് തടസരഹിതമായ റോഡ് ശൃംഖല സ്ഥാപിക്കുന്നതിനായി ലെവല്‍ ക്രോസ് വിമുക്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലയിലെ ഇരവിപുരം, കരുനാഗപ്പള്ളി മാളിയേക്കല്‍ റെയില്‍വേ ഗേറ്റുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇരവിപുരം റെയില്‍വേ ഗേറ്റിന് സമീപം നടന്ന ചടങ്ങില്‍ എം നൗഷാദ് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇതോടൊപ്പം ആറ് ജില്ലകളിലെ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
നാടിന്റെ ത്വരിത  വികസനം ഉറപ്പുവരുത്തുന്ന റോഡ് ശൃംഖലയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2021-22 വര്‍ഷത്തില്‍ 10,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 8383 കിലോ മീറ്റര്‍ റോഡുകള്‍ പൂര്‍ത്തിയാക്കും. നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം അവശ്യമാണെന്ന കാഴ്ചപ്പാടിന്റെ  അടിസ്ഥാനത്തിലാണ് കോവിഡ്  മഹാമാരിയുടെ കാലത്തും റോഡുകളുടേയും മേല്‍പ്പാലങ്ങളുടെയും നിര്‍മാണം സര്‍ക്കാര്‍ സാധ്യമാക്കിയത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഇക്കാലയളവില്‍ സംസ്ഥാനം സാക്ഷിയായത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മേല്‍പ്പാലങ്ങളുടെ  നിര്‍മ്മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍' എന്ന ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് പാലത്തിന്റെ നിര്‍മാണം. ഇത്തരത്തില്‍ നിര്‍മിക്കുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലങ്ങള്‍ കൂടിയാണിത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍മാണ ചുമതല. കേരളത്തില്‍ ഇത്തരത്തില്‍ ചെയ്യുന്ന ആദ്യ സംരംഭമാണ് ഈ പദ്ധതി.
പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍  അധ്യക്ഷനായി. ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് മുഖ്യാതിഥിയായി. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ യാത്രാകുരുക്ക് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോര്‍പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ സാന്നിധ്യത്തില്‍ എം നൗഷാദ് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇരവിപുരം മണ്ഡലത്തിലെ ചരിത്ര മുഹൂര്‍ത്തത്തിനാണ് ഇവിടം വേദിയായതെന്ന് എം എല്‍ എ പറഞ്ഞു. മയ്യനാട് മേല്‍പ്പാലം ഉടന്‍തന്നെ യാഥാര്‍ഥ്യമാകും. അതിനായി ഭൂമിയെറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച്  മുന്നോട്ട് പോകുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരവിപുരം-പള്ളിമുക്ക് റോഡിലെ 547 നമ്പര്‍ ലെവല്‍ ക്രോസിന് പകരമായി 412 മീറ്റര്‍ നീളത്തില്‍ രണ്ട് ലെയിന്‍ റോഡും ഫുട്പാത്തും ഉള്‍പ്പെടെ 10.05 മീറ്റര്‍ വീതിയില്‍ 27.45 കോടി രൂപ ചെലവിലാണ് മേല്‍പാലത്തിന്റെ  നിര്‍മാണം. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചര്‍ രീതിയിലാണ് മേല്‍പ്പാലം നിര്‍മ്മിക്കുക. പൈല്‍, പൈല്‍ ക്യാപ്പ് എന്നിവ കോണ്‍ക്രീറ്റും, പിയര്‍, പിയര്‍ ക്യാപ്പ്, ഗര്‍ഡര്‍ എന്നിവ സ്റ്റീലും, ഡെക് സ്‌ളാബ് കോണ്‍ക്രീറ്റുമായാണ് ഇവ നിര്‍മിക്കുന്നത്.
ചടങ്ങില്‍ കോര്‍പറേഷന്‍ മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി ഉദയകുമാര്‍, വിദ്യാഭ്യാസ-കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സവിതദേവി, വാര്‍ഡ് കൗണ്‍സിലര്‍മാരായ മെഹറുന്നിസ, സുജ, നസീമ ശിഹാബ്, മായാ ബാബു, ടി പി അഭിമന്യു, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ആര്‍ ബി ഡി സി കെ മാനേജിങ് ഡയറക്ടര്‍ ജാഫര്‍ മലിക്, ആര്‍ ബി ഡി സി കെ കമ്പനി സെക്രട്ടറി ശ്രീനാഥ് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.215/2021)

date