Skip to main content

മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്; അപേക്ഷ ഇന്നു(ജനുവരി 24) മുതല്‍

മുഖ്യമന്ത്രിയുടെ ജില്ലാതല പരാതി പരിഹാര അദാലത്ത് 'സാന്ത്വന സ്പര്‍ശം 2021' ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തീയതികളില്‍ ജില്ലയില്‍ നടക്കും. അപേക്ഷകള്‍ ഇന്നു(ജനുവരി 24) മുതല്‍ സ്വീകരിക്കും. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, കെ രാജു എന്നിവര്‍ നേതൃത്വം നല്‍കും. ഫെബ്രുവരി ഒന്നിന് കൊല്ലം താലൂക്കിലും രണ്ടിന് കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളിലും നാലിന് കരുനാഗപ്പള്ളി കുന്നത്തൂര്‍ താലൂക്കുകളിലും അദാലത്ത് നടക്കും. സ്ഥലവും തീയതിയും പിന്നീട് അറിയിക്കും.
പരാതികള്‍ ജനുവരി 28 വരെ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് നല്‍കേണ്ടതില്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് വില്ലേജ് ഓഫീസ്/പഞ്ചായത്ത് ഓഫീസ് മുഖേനയും സമര്‍പ്പിക്കാം. വില്ലേജ് തലത്തില്‍ ലഭിക്കുന്ന അപേക്ഷകള്‍ താലൂക്ക് തലത്തിലും പഞ്ചായത്ത് തലത്തില്‍ ലഭിക്കുന്നത് ബ്ലോക്ക് തലത്തിലും ക്രോഡീകരിച്ച് സി എം ഒ സൈറ്റില്‍ അതത് ദിവസം അപ്‌ലോഡ് ചെയ്ത് ബന്ധപ്പെട്ട വകുപ്പിന് കൈമാറും. പരാതി നിയമപരമായി പരിഹരിക്കാന്‍ കഴിയുന്നവ പരിഹരിക്കും അല്ലാത്തവ വ്യക്തമായ മറുപടിയോടെ നല്‍കും.
അദാലത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ വികസന കമ്മീഷണര്‍ നോഡല്‍ ഓഫീസറായും എ ഡി എം കണ്‍വീനറായും ഏഴംഗ മേല്‍നോട്ട സമിതിയെ നിയമിച്ചു. സമിതി എല്ലാദിവസവും ലഭ്യമാകുന്ന പരാതികളും പരിഹാരങ്ങളും സംബന്ധിച്ച പുരോഗതി അവലോകനം നടത്തും.
താലൂക്ക് തലത്തില്‍ താലൂക്ക്തല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയും സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സബ് ഡിവിഷന്‍ തലത്തില്‍ സബ് കലക്ടര്‍/ആര്‍ ഡി ഒ പരിശോധിക്കും. താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ പുരോഗതി വിലയിരുത്തും. പ്രവാസികളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിക്കും.
(പി.ആര്‍.കെ നമ്പര്‍.219/2021)

date