ദേശീയ കുഷ്ഠരോഗ നിർമാർജന പരിപാടി - അശ്വമേധം മൂന്നാം ഘട്ടം ജനുവരി 30 മുതൽ
കുഷ്‌ഠരോഗ നിർമാർജനമെന്ന ലക്ഷ്യത്തിലൂന്നി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ മൂന്നാം ഘട്ടത്തിന് നാളെ ജില്ലയിൽ തുടക്കമാകും. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നാളെ മുതൽ ഫെബ്രുവരി 28 വരെയാണ് അശ്വമേധം ഭവന സന്ദർശന പരിപാടി നടത്തുന്നത്. എല്ലാ വർഷവും ജനുവരി 30 മുതൽ രണ്ടാഴ്ചക്കാലം കുഷ്ഠരോഗ നിർമാർജന പക്ഷാചരണമായി ആചരിക്കുന്നു. അശ്വമേധം ഭവന സന്ദർശന പരിപാടിയുടെയും കുഷ്ഠ രോഗനിർമാർജന പക്ഷാചരണത്തിനും ജില്ലയിൽ നാളെ തുടക്കം.
2018 -19 വർഷങ്ങളിലും ജില്ലയിൽ അശ്വമേധം പരിപാടി സംഘടിപ്പിച്ചിരുന്നു. 2018 ഡിസംബറിൽ നടത്തിയ ആദ്യഘട്ട ക്യാമ്പെയിനിൽ 14 ലെപ്രസി കേസുകളും, 2019 സെപ്റ്റംബറിൽ നടത്തിയ രണ്ടാംഘട്ട ക്യമ്പയിനിൽ 5 കേസുകളും കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു.
അശ്വമേധം ഭവന സന്ദർശന പരിപാടിയുടെ ജില്ലയിലെ മുഴുവന്‍ വീടുകളും ആരോഗ്യപ്രവർത്തകർ സന്ദര്‍ശനം നടത്തി, കുഷ്ഠ രോഗത്തിനു സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടുപിടിക്കുകയും അവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയിൽ പോകുന്നതിനുള്ള ഉപദേശം നല്‍കുകയും ചെയ്യുന്നു. ചിട്ടയായ ഭവന സന്ദര്‍ശനവും ഗൃഹപരിശോധനയിലൂടെ കണ്ടെത്തിയ രോഗികള്‍ക്ക് തുടർ ചികിത്സയും ഉറപ്പ് വരുത്തുന്നതാണ്. ഭവന സന്ദർശനം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി 6870 വോളന്റീയർമാർക്ക് പരിശീലനം നൽകി നിയോഗിച്ചിട്ടുണ്ട്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്.
ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാൽ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണു കുഷ്ഠം (Leprosy). നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങൾ, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങൾ. പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിനു ശേഷം 3 മുതൽ 5 വര്‍ഷം വരെയാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു മാത്രമേ കുഷ്ഠരോഗം പകരുകയുള്ളൂ. വിവിധൗഷധ ചികിത്സ(Multi Drug Therapy-MDT) യിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകൾ (PB - Paucibacillary) 6 മാസത്തെ ചികിത്സയും കൂടിയ കേസുകൾ (MB - Multibacillary) 12 മാസത്തെ ചികിത്സയും എടുക്കണം. കുഷ്ഠ രോഗത്തിനുള്ള ചികിത്സ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
എറണാകുളം, 29/ 01/ 21
- Log in to post comments