Skip to main content

സാന്ത്വന സ്പര്‍ശം തുണയായി: ഷാന് സ്വന്തമായി വീട് ഒരുങ്ങും

കൃത്രിമ കാലുകളുടെ സഹായത്താല്‍ ജീവിതം മുന്നോട്ടു നയിക്കുന്ന കൊല്ലം കൂട്ടിക്കട സ്വദേശി ഷാനിന്റെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ്. കൊല്ലം എസ് എന്‍ കോളേജില്‍ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശത്തിലാണ് വീട് നല്‍കാമെന്ന് തീരുമാനമായത്. സ്വന്തമായി വീടും ജോലിയുമെന്ന അപേക്ഷകളുമായി എത്തിയ ഷാനിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടുത്ത് വിളിച്ചിരുത്തി കാര്യങ്ങള്‍ തിരക്കി അറിയുകയാണ് ഉണ്ടായത്.
ജോലി നല്‍കുന്നതിന് കടമ്പകളേറെയാണെന്നും എന്നാല്‍ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെടുത്തി വീട് നല്‍കാമെന്ന് മന്ത്രി ഉറപ്പു നല്‍കി. അടുത്ത ക്യാബിനറ്റില്‍ ജോലിയുടെ കാര്യം ചര്‍ച്ചയ്ക്ക് വയ്ക്കാമെന്ന് മന്ത്രി ഷാനിനോട് പറഞ്ഞു. അതിനായി ഫോട്ടോയും അപേക്ഷയും സ്വീകരിക്കുകയും ചെയ്തു.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് വച്ചുണ്ടായ ട്രെയിന്‍ അപകടത്തിലാണ് ഷാന് ഇരുകാലുകളും നഷ്ടമായത്. ഉമ്മയും ഷാനും മാത്രമാണുള്ളത്. ഉമ്മയ്ക്ക് കിട്ടുന്നത് വാര്‍ധക്യപെന്‍ഷനും ഷാന് ലഭിക്കുന്ന വികലാംഗ പെന്‍ഷനും ഉപയോഗിച്ചാണ് ഇവരുടെ ജീവിതം കഴിഞ്ഞുപോകുന്നത്. 28 വയസുള്ള ഷാന്‍ ബി ബി എ ബിരുദധാരിയാണ്. സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലൂടെ അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിന്റെ സന്തോഷത്തില്‍ നിറഞ്ഞ പുഞ്ചിരിയോടെയാണ് ഷാന്‍ അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.
 (പി.ആര്‍.കെ നമ്പര്‍.314/2021)

date