Skip to main content

പുനലൂരില്‍ അദാലത്ത് ഇന്ന്(ഫെബ്രുവരി 2); നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

ഇന്ന് പുനലൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍  കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം താലൂക്കുകളിലെ പരാതികള്‍ക്ക് പരിഹാരം കാണും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ(ഫെബ്രുവരി 1) കൂടിയ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. പരാതികള്‍ക്ക് ഓണ്‍ലൈനായി മറുപടി ലഭിച്ചവര്‍ വീണ്ടും അതേ പരാതിയുമായി അദാലത്തില്‍ എത്തരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ദുരിതാശ്വാസ നിധി കൂടാതെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടവ മാത്രമാണ് മന്ത്രിമാര്‍ പരിഗണിക്കുക. ലഭിച്ച പരാതികള്‍ പരാതിക്കാര്‍വശം നല്‍കി മന്ത്രിമാരുടെ അടുത്തേക്ക് വിടുന്നത് ഒഴിവാക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ വേണ്ടിയാണിത്. മന്ത്രിമാര്‍ പരാതി പരിശോധിച്ച് നേരിട്ട് കാണേണ്ടവരെ കണ്ട് തീര്‍പ്പ് കല്പ്പിക്കും. നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും കൊല്ലം താലൂക്കിലെ അദാലത്തില്‍ അപ്രതീക്ഷിതമായി ആള്‍ക്കൂട്ടമെത്തിയത് ആവര്‍ത്തിക്കാതിരിക്കാനാണ് നിയന്ത്രണമെന്നും കലക്ടര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് - സാന്ത്വന സ്പര്‍ശം രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ്.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിലേക്ക് കൊട്ടാരക്കര-989, പുനലൂര്‍-633, പത്തനാപുരം-182 പരാതികളാണ് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായത്തിനായി പുനലൂര്‍-95, കൊട്ടാരക്കര-89, പത്തനാപുരം-16. അപേക്ഷകളാണ് ലഭിച്ചത്.
അദാലത്തില്‍ ലഭിച്ച അപേക്ഷകളുടെ മറുപടികള്‍ സഹിതം അദാലത്ത് ദിവസം രാവിലെ ഒന്‍പതിന് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ചുമതലപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പുനലൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസില്‍ എത്തണമെന്നും കലക്ടര്‍ അറിയിച്ചു. ഓഫീസര്‍മാര്‍ പ്രതിനിധികളെ അയയ്ക്കാതെ നേരിട്ട് ഹാജരാകേണ്ടതാണ്. പരാതികക്ഷികള്‍ക്ക് രാവിലെ 10 മുതലാണ് പ്രവേശനം. കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലെ അദാലത്ത് ഫെബ്രുവരി നാലിന് കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടക്കും.
(പി.ആര്‍.കെ നമ്പര്‍.317/2021)

date