സാന്ത്വന സ്പര്‍ശം; മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് ഇന്ന്(ഫെബ്രുവരി 04) കരുനാഗപ്പള്ളിയില്‍
ഇന്ന്(ഫെബ്രുവരി 4) കരുനാഗപ്പള്ളി ലോഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം - മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലെ പരാതികള്‍ക്ക് പരിഹാരം കാണും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് അദാലത്ത്. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്.
പരാതികള്‍ക്ക് ഓണ്‍ലൈനായി മറുപടി ലഭിച്ചവര്‍ വീണ്ടും അതേ പരാതിയുമായി അദാലത്തില്‍ എത്തരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ദുരിതാശ്വാസ നിധി കൂടാതെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടവ മാത്രമാണ് മന്ത്രിമാര്‍ പരിഗണിക്കുക. മന്ത്രിമാര്‍ പരാതി പരിശോധിച്ച് നേരിട്ട് കാണേണ്ടവരെ കണ്ട് തീര്‍പ്പ് കല്പ്പിക്കും. നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
കൊല്ലം താലൂക്കില്‍ നടന്ന അദാലത്തില്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 13205000 രൂപയും പുനലൂര്‍ താലൂക്കില്‍ നടന്ന അദാലത്തില്‍ 5885000 രൂപയും ഉള്‍പ്പടെ ആകെ 19090000 രൂപ അനുവദിച്ചു.
കൊല്ലം താലൂക്കിലെ അദാലത്തില്‍ ആറു പട്ടയങ്ങളും ഫിഷറീസ് വകുപ്പിന്റെ ഭവന നിര്‍മാണ ധനസഹായമായി ആറുപേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും വിതരണം ചെയ്തു. ഓണ്‍ലൈന്‍ അപേക്ഷകള്‍ക്ക് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാന നിധിയിലേക്കുള്ള അപേക്ഷ ഉള്‍പ്പടെ 1847 അപേക്ഷകളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഓണ്‍ലൈനായി 2558 പരാതികളും ചികിത്സാ ധനസഹായത്തിനായി 299 അപേക്ഷകളുമാണ് ലഭിച്ചത്. ഓണ്‍ലൈനില്‍ തീര്‍പ്പാക്കിയ അപേക്ഷകള്‍ക്ക് പുറമേ 1114 അപേക്ഷകള്‍ കൊല്ലം താലൂക്കില്‍ നടന്ന അദാലത്തില്‍ തീര്‍പ്പാക്കി.
പുനലൂര്‍, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകള്‍ക്ക് വേണ്ടി പുനലൂരില്‍ നടന്ന അദാലത്തില്‍ 15 പട്ടയങ്ങളും എട്ട് കൈവശാവകാശികള്‍ക്ക് ഉടമസ്ഥാവകാശ രേഖയും നല്‍കി. വിതരണം ചെയ്തു. വിധവകളുടെ മക്കള്‍ക്ക് വിവാഹ ധനസഹായമായി നല്‍കുന്ന 30 ലക്ഷം രൂപ ഒരാള്‍ക്ക് അദാലത്തില്‍ അനുവദിച്ചു. ഒണ്‍ലൈനില്‍ ലഭിച്ച പരാതികള്‍ക്ക് പുറമേ ചികിത്സാ ധനസഹായത്തിനുള്ള 323 അപേക്ഷകള്‍ ഉള്‍പ്പടെ 805 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഓണ്‍ലൈനായി 1804 അപേക്ഷകള്‍ ലഭിച്ചു. ഓണ്‍ലൈനായി തീര്‍പ്പാക്കിയ അപേക്ഷകള്‍ക്ക് പുറമേ 1284 അപേക്ഷകള്‍ അദാലത്തില്‍ തീര്‍പ്പാക്കി.
(പി.ആര്‍.കെ നമ്പര്‍.349/2021)
- Log in to post comments