പട്ടയം വീട്ടിലെത്തിച്ച് ജില്ലാ കളക്ടർ; വള്ളോൻ ചാത്തന് തല ചായ്ക്കാനൊരു വീട് അടുത്ത ലക്‌ഷ്യം
സ്വന്തമെന്ന് പറയാനാവാത്ത മണ്ണിൽ, പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്ന വള്ളോൻ ചാത്തന് പട്ടയം വീട്ടിലെത്തിച്ചു നൽകി ജില്ലാ കളക്ടർ എസ്. സുഹാസ്. കഴിഞ്ഞ 30 വർഷക്കാലമായി നിയമകുരുക്കുകളിൽ കിടന്നിരുന്ന പട്ടയം കോതമംഗലം കോട്ടപ്പടി വില്ലേജിലെ പട്ടേരി മാലിൽ വള്ളോൻ ചത്തന് ജില്ലാ കളക്ടർ നേരിട്ട് കൈമാറി. സ്വന്തം പേരിൽ ഭൂമി ഇല്ലാത്തതിനാൽ സർക്കാർ സഹായങ്ങൾ ഒന്നും ഇന്നലെ വരെ വള്ളോൻ ചാത്തന് ലഭിച്ചിരുന്നില്ല.
1990 കളുടെ തുടക്കത്തിൽ ഭൂമി പതിവിനുള്ള അപേക്ഷയുമായി ഓഫീസുകൾ കയറാൻ തുടങ്ങിയതാണ് ഇദ്ദേഹം. പല കുരുക്കുകളിൽ പെട്ട് അപേക്ഷയിൽ തീരുമാനമായില്ല. ഒടുവിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിലും വിഷയമെത്തി. അങ്ങനെയാണ് 13.5 സെന്റ് ഭൂമിയുടെ ഉടമാവകാശം വള്ളോൻ ചാത്തന് ലഭിച്ചത്. സ്വന്തമായി ഭൂമിയായി. ഇനി ഒരു വീടാണ് ലക്ഷ്യം. അതിനും കളക്ടറുണ്ട് തുണയായി. പീസ് വാലി ഫൌണ്ടേഷൻ തറനിർമാണം നടത്താമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. തുടർന്നുള്ള നിർമ്മാണവും സുമനസുകളുടെ സഹായത്താൽ പൂർത്തിയാക്കും. വള്ളോൻ ചാത്തന് സഹായമെത്തിക്കാനായത് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു.
ഇനിയും ഇതുപോലെ ഉള്ള വിഷയങ്ങളിൽ ഇടപെട്ട് പറ്റാവുന്ന സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments