കൊട്ടാരക്കര കില സി എച്ച് ആര് ഡി യില്‍ പുതിയ വനിതാ ഹോസ്റ്റല്‍; നിര്‍മാണോദ്ഘാടനം ഇന്ന്(ഫെബ്രുവരി 9)
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ കിലയുടെ കൊട്ടാരക്കരയിലുള്ള മാനവശേഷി വികസന കേന്ദ്രത്തില്‍ വനിതകള്‍ക്കായി പുതിയ ഹോസ്റ്റല്‍ നിര്‍മിക്കുന്നു. 75 പരിശീലനാര്‍ത്ഥികള്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ സ്ത്രീ സൗഹൃദ സൗകര്യങ്ങളോടെ തയ്യാറാക്കുന്ന പുതിയ ഹോസ്റ്റല്‍ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന്(ഫെബ്രുവരി 9) ഉച്ചകഴിഞ്ഞ് മൂന്നിന് മന്ത്രി എ സി മൊയ്തീന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷയാകും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയാകും.
ബ്ലോക്ക് പഞ്ചായത്തുകളുടെ വനിതാഘടക പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി ഓരോ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മൂന്നു ലക്ഷം രൂപ വീതം കിലയ്ക്ക് ലഭ്യമാക്കിയാണ് വനിതാ ഹോസ്റ്റല്‍ നിര്‍മിക്കുന്നത്. രണ്ട് നിലകളായി 14324 ചതുരശ്ര അടിയുള്ള കെട്ടിടത്തില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളായ സോളാര്‍ വൈദ്യുതി, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി എന്നിവയും ഹോസ്റ്റലിനോടൊപ്പം തയ്യാറാക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, കൊട്ടാരക്കര നഗരസഭ ചെയര്മാന് എ ഷാജു, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അനിതാ ഗോപകുമാര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ്, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ ഡോ പി കെ ജയശ്രീ, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ രാണുരാജ്, ഗ്രാമവികസന കമ്മീഷണര്‍ വി ആര് വിനോദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ ജോയ് ഇളമണ്‍, കില സി എച്ച് ആര് ഡി ഡയറക്ടര്‍ ഡി സുധ, കില സി എസ് ഇ ഡി പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍.322/2021)
- Log in to post comments