Skip to main content

കോവിഡ് പ്രതിരോധം ശക്തമാക്കുന്നു

കോവിഡ് രോഗവ്യാപനം കുറയ്ക്കുന്നതിനായി രോഗബാധിതരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക പൂര്‍ണമായും ശേഖരിച്ച് ഗൃഹപരിചരണത്തില്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി സ്രവ പരിശോധന വര്‍ധിപ്പിക്കാന്‍ നടപടികളായി.
രോഗബാധിതര്‍ സമ്പര്‍ക്കപട്ടിക പൂര്‍ണമായും വെളിപ്പെടുത്താത്തതിനാല്‍ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ സമൂഹത്തില്‍ രോഗം വ്യാപിപ്പിക്കാന്‍ ഇടയാക്കുന്നു. ഇപ്പോള്‍ കണ്ടെത്തുന്ന രോഗബാധിതരുടെ സമ്പര്‍ക്കപട്ടികയില്‍ ശരാശരി മൂന്നുപേരാണ് വരുന്നത്. രോഗബാധിതര്‍ സമ്പര്‍ക്കപട്ടിക പൂര്‍ണമായും വെളിപ്പെടുത്താന്‍ തയ്യാറാകാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ആയതിനാല്‍ സമ്പര്‍ക്കപട്ടിക പൂര്‍ണമായും തയ്യാറാക്കുന്നതിനുള്ള ശ്രമം ആരോഗ്യ വകുപ്പ് ഉര്‍ജ്ജിപ്പെടുത്തി.
ഗൃഹ പരിചരണത്തില്‍ കഴിയുന്ന രോഗികളും കുടുംബാംഗങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. ബാത്തറ്റാച്ച്ഡ് മുറി ഇല്ലാത്തവരെ സി എഫ് എല്‍ ടി സി യിലേക്ക് മാറ്റും. രോഗിക്കൊപ്പമുള്ളവര്‍ നിര്‍ബന്ധമായും മാസ്‌കും ഗ്ലൗസും ധരിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാത്ത വീടുകളിലെ രോഗികളെ സി എഫ് എല്‍ ടി സി യിലേക്ക് മാറ്റും.
ജില്ലയിലെ 70 ശതമാനം സ്വാബ് പരിശോധന ആര്‍ ടി പി സി ആര്‍ ആണെന്ന് ഉറപ്പുവരുത്തും. സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവരെയും ക്ലസ്റ്റര്‍ ഏരിയയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ജനങ്ങളെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കും. അഗതി മന്ദിരങ്ങളില്‍ രണ്ട് മാസത്തിലൊരിക്കല്‍ എല്ലാ അന്തേവാസികളെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ആന്റിജന്‍ പരിശോധന പോസിറ്റീവ് രോഗികളുടെ തുടര്‍ പരിശോധനയ്ക്കും പനി ലക്ഷണമുള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തും.
വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും സന്ദര്‍ശകരുടെ ലിസ്റ്റ് തയ്യാറാക്കുന്നതും കര്‍ശനമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇന്ന്(ഫെബ്രുവരി 9) കുമ്മിള്‍, മടത്തറ, പിറവന്തൂര്‍, പോരുവഴി, പുയപ്പള്ളി എന്നീ സ്ഥലങ്ങളില്‍ മൊബൈല്‍ ടീം പരിശോധന നടത്തും.
 (പി.ആര്‍.കെ നമ്പര്‍.328/2021)

date