പല്ലാരിമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് " ഫെബ്രുവരി 15 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
കോതമംഗലം:- പല്ലാരിമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് ഫെബ്രുവരി 15 തിങ്കളാഴ്ച 12.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
വാരപ്പെട്ടി,കുട്ടമംഗലം, പോത്താനിക്കാട് വില്ലേജുകളിലായി ചിതറിക്കിടന്ന പല്ലാരിമംഗലം പഞ്ചായത്തിൽ വരുന്ന ഭൂപ്രദേശം 2014 ഒക്ടോബറിൽ ആണ് പല്ലാരിമംഗലം വില്ലേജ് ആയി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. അതിനു മുൻപ് പല്ലാരിമംഗലം പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ 20000 ത്തോളം വരുന്ന പൊതു ജനങ്ങൾ മേൽ വിവരിച്ച മൂന്ന് വില്ലേജുകളിലായി വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പല്ലാരിമംഗലം പഞ്ചായത്തിന് ഒരു വില്ലേജ് വേണമെന്ന നിരന്തര ആവശ്യത്തെ തുടർന്നാണ് 2014 ഒക്ടോബർ 10 ന് പുതിയ വില്ലേജ് ഓഫീസ് ആരംഭിക്കുന്നത്. പല്ലാരിമംഗലം പഞ്ചായത്ത് വക ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ സ്ഥല പരിമിതിമൂലം പൊതു ജനങ്ങൾക്കും ജീവനക്കാർക്കും വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വന്നിരുന്നത്.പല്ലാരിമംഗലം വിളക്കത്ത് വീട്ടിൽ മുഹമ്മദ് മൗലവി പല്ലാരിമംഗലം വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനായി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്കുകയും,ടി സ്ഥലത്ത് 2018 ൽ സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.
പല്ലാരിമംഗലം വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നതോടെ ഭൗതീക സാഹചര്യങ്ങളിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും ഇതോടെ വില്ലേജ് ഓഫീസിൽ എത്തിച്ചേരുന്നവർക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് ഫെബ്രുവരി 15 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നതോടെ പ്രദേശ വാസികളുടെ ദീർഘനാളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും എംഎൽഎ അറിയിച്ചു.
- Log in to post comments