തിരുമുല്ലവാരം വികസനം: ബഹുജന കണ്‍വന്‍ഷനും ചിത്ര പ്രദര്‍ശനവും ഇന്ന്(ഫെബ്രുവരി 13)
സംസ്ഥാന ബജറ്റില്‍ തിരുമുല്ലവാരം അന്തര്‍ദേശീയ തീര്‍ത്ഥാടന വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കാനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് ബഹുജന കണ്‍വന്‍ഷന്‍ ചേരുന്നു.
ഇന്ന്(ഫെബ്രുവരി 13) ഉച്ചകഴിഞ്ഞ് 2.30 ന് തിരുമുല്ലവാരം ദേവസ്വം ബോര്‍ഡ് എല്‍ പി എസ് സ്‌കൂള്‍ അങ്കണത്തിലാണ് കണ്‍വന്‍ഷന്‍. ഇതിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് രണ്ടിന് വാര്‍ഡ് സഭയും ചേരും. വിവിര-പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വികസന പെരുമയില്‍ കൊല്ലം - വികസന ചിത്രപ്രദര്‍ശനവും നടക്കും.
വിനോദസഞ്ചാര പദ്ധതിക്കൊപ്പം മറ്റ് വികസന പദ്ധതികളുടെയും കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് പ്രോജക്ട് തയ്യാറാക്കാനാണ് കണ്‍വന്‍ഷന്‍ ചേരുന്നത്. വിദഗ്ധരും ഉദ്യോഗസ്ഥരും സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരും, സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുക്കും. പ്രഭാഷണങ്ങള്‍, ഗ്രൂപ്പ് ചര്‍ച്ച, പൊതുസമ്മേളനം തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും.
ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനിയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കണ്‍വന്‍ഷനില്‍ വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടത്തും. എം മുകേഷ് എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, നോര്‍ക്കാ റൂട്‌സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ എന്നിവര്‍ കണ്‍വന്‍ഷന്റെ ഭാഗമായ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ആസുത്രണ ബോര്‍ഡ് അംഗം ഡോ കെ എന്‍ ഹരിലാല്‍, സാമൂഹിക നീതി മുന്‍ ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രിന്‍സിപ്പാള്‍ ഡോ കെ മനോജ് കിണി, ഡെപ്യൂട്ടി കലക്ടര്‍ പി ആര്‍ ഗോപാലകൃഷ്ണന്‍, ഡി റ്റി പി സി സെക്രട്ടറി എം ആര്‍ ജയഗീത, കെ എം എം എല്‍ മുന്‍ എം ഡി കെ രാഘവന്‍, കൊട്ടിയം എന്‍ എസ് എസ് കോളേജ് അധ്യാപകന്‍ ഡോ എം ശ്രീകുമാര്‍, ധനകാര്യ ബാങ്കിംഗ് വിദഗ്ധന്‍ എം എം അന്‍സാരി, സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് അംഗം എസ് ജമാല്‍ തുടങ്ങിയവര്‍ വിവിധ വികസന വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഗ്രൂപ്പ് ചര്‍ച്ചയും പദ്ധതികളുടെ ക്രോഡീകരണവും തുടര്‍ന്ന് നടത്തുന്നതാണ്.
തിരുമുല്ലവാരം പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായുള്ള കാര്യപരിപാടി തയ്യാറാക്കുന്നതിന് ചേരുന്ന ബഹുജന കണ്‍വന്‍ഷനില്‍ എല്ലാവിഭാഗം ആളുകളും പങ്കെടുക്കണമെന്ന് കൊല്ലം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു പവിത്ര, സംഘാടകസമിതി കണ്‍വീനര്‍ എം വിശ്വനാഥന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
(പി.ആര്‍.കെ നമ്പര്‍.391/2021)
- Log in to post comments