അനധികൃതമായി മൂടിയ തോട് പുനസ്ഥാപിക്കണം
അനധികൃതമായി മൂടിയ തോട് പുനസ്ഥാപിക്കണം
ചിറ്റാറ്റുകര പഞ്ചായത്തിലെ ആളംതുരുത്ത് രണ്ടാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തോട് എതിർ കക്ഷി മതിൽ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയ പരാതിയിൽ തോട് പുനസ്ഥാപിക്കാൻ നടപടി സ്വീകരിക്കാൻ മന്ത്രി വി.എസ്. സുനിൽ കുമാർ ഉത്തരവിട്ടു. സാന്ത്വന സ്പർശം അദാലത്തിൽ ബാബു കോ താറയാണ് പരാതി നൽകിയത്. ഇദ്ദേഹത്തിൻ്റെ സ്ഥലത്തിലൂടെയാണ് തോട് കടന്നു പോകുന്നത്. തൊട്ടടുത്ത സ്ഥലമാണ് എതിർകക്ഷിയുടേത്. വർഷങ്ങൾ പഴക്കമുള്ള ആറടിയോളം വീതിയുള്ള തോടാണ് മതിൽ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയത്. ഇതു മൂലം ബാബുവിൻ്റെ വീടിനു മുന്നിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു. നിരവധി തവണ പഞ്ചായത്തിലും ആർ ഡി ഒ യ്ക്കും പരാതി നൽകിയിട്ടും പരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് പരാതിയുമായി ബാബു അദാലത്തിലെത്തിയത്. തോടിൻ്റെ നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാനാണ് മന്ത്രി ചിറ്റാറ്റുകര പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടറി നേരിട്ടെത്തി സ്ഥലം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു.
- Log in to post comments