Skip to main content

സത്യസായ് ട്രസ്റ്റിന്റെ പേരില്‍ വൃദ്ധയുടെ ഭൂമി തട്ടിയെന്നു പരാതി;  അന്വേഷണത്തിന് വനിത കമ്മീഷന്‍ ഉത്തരവ് 

 

 

കൊച്ചി: സത്യസായ് ബാബ ട്രസ്റ്റിന്റെ പേരില്‍ സ്വകാര്യ വ്യക്തി വൃദ്ധയുടെ ഭൂൂമി തട്ടിയെടുത്തതായി പരാതി. ആലുവ സ്വദേശിനി അമ്പിയാറ്റിപറമ്പില്‍ സതിയമ്മയാണ് പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചത്. കേസ് ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടു.

 

സ്വന്തം ഭൂമിയില്‍ നിന്നും 12 സെന്റ് ഭൂമി സത്യസായ് ട്രസ്റ്റിന് ദാനം നല്‍കാന്‍ സായ് ഭക്തയായ സതിയമ്മ ആഗ്രഹിച്ചിരുന്നു. ഇത് സായ് ബാബയെ നേരില്‍ കണ്ട് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും ഭൂമി വേണ്ടെന്നുമാണ് സായ് ബാബ അറിയിച്ചതെന്ന് സതിയമ്മ പറയുന്നു. എന്നാല്‍ ഇത് മനസിലാക്കിയ സ്വകാര്യ വ്യക്തി സതിയമ്മയെ കണ്ട് സായ് ട്രസ്റ്റിന് എന്ന പേരില്‍ ഭൂമി എഴുതി വാങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. 16 വര്‍ഷം മുമ്പാണ് ആലുവ നഗരത്തില്‍ ഒന്നരക്കോടി രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമി നല്‍കിയത്. എഴുതി നല്‍കുമ്പോള്‍ ചില നിബന്ധനകള്‍ സതിയമ്മ വച്ചിരുന്നു. തന്റെ രണ്ടു സഹോദരന്മാര്‍ക്ക് 50,000 രൂപ വീതവും തന്റെ ചിലവുകള്‍ക്കായി മാസം 10,000 രൂപയും നല്‍കണമെന്നായിരുന്നു വ്യവസ്ഥ.

 

ആലുവ സര്‍ക്കാര്‍ ആശുപത്രിയിലേക്കു ദാനമായി നല്‍കുന്ന ഭക്ഷണം ഇവിടത്തെന്നെ പാചകം ചെയ്യണമെന്നും നിബന്ധനയിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. തൊട്ടടുത്ത് താമസിക്കുന്ന സതിയമ്മയെ മാനസികമായി പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍

സ്വകാര്യ വ്യക്തി ഭൂമി മറ്റൊരു വ്യക്തിക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയിലുണ്ട്. ഈ സാഹചര്യത്തിലാണ് 87 കാരിയായ സതിയമ്മ കമ്മീഷനെ സമീപിച്ചത്. 

 

ഭൂമിയുടെ വില്‍പ്പന തടയുന്നതിനുള്ള നടപടികള്‍ കമ്മീഷന്‍ സ്വീകരിച്ചു. സതിയമ്മയ്ക്ക് പോലീസിന്റെ സംരക്ഷണവും നല്‍കാന്‍ ഉത്തരവിട്ടു. സംഭവത്തില്‍ ട്രസ്റ്റിന് ബന്ധമില്ലെന്നാണ് കരുതുന്നതെന്നും കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

 

സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള ശിക്ഷ വളരെ ദുര്‍ബലമാണ്. 498 എ എന്ന വകുപ്പിന്റെ ശക്തി കുറഞ്ഞു വരുന്നു. ശരീരം മുഴുവന്‍ തീപ്പൊള്ളലേറ്റതിന്റെ പാടുകളുമായി സ്ത്രീകള്‍ വന്നാല്‍ പോലും പോലീസ് കേസെടുക്കാന്‍ മടി കാണിക്കുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു.

 

കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്‌ന എന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണം പോലീസ് ഊര്‍ജിതമായാണ് നടത്തുന്നത്. പെണ്‍കുട്ടി ബാംഗ്ലൂരില്‍ ഉണ്ടെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

 

മെഗാ അദാലത്തില്‍ 102 കേസുകള്‍ പരിഗണിച്ചു. 34 കേസുകള്‍ തീര്‍പ്പാക്കി. വിവിധ വകുപ്പുകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി 19 പരാതികള്‍ അയച്ചു. മൂന്ന് പരാതികള്‍ കൗണ്‍സിലിംഗിനായി മാറ്റി വച്ചു. നാല് പരാതികള്‍ ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ടിനു വേണ്ടി അയച്ചു. 42 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍, ഡോ. വി. യു. കുര്യാക്കോസ്, സ്മിത ഗോപി, ആനി പോള്‍, യമുന പി.ഒ, വനിതാ സെല്‍ എസ്.ഐ സോണ്‍ മേരി പോള്‍, ആനി പോള്‍ എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി.

 

date