Skip to main content

മെഡിക്കല്‍ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളായി - മന്ത്രി കെ കെ ശൈലജ

അക്കാദമിക, ഭൗതിക-പാശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി മെഡിക്കല്‍ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളായി  മാറിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്ന ട്രോമാ കെയര്‍ വിഭാഗത്തിന്റെയും ബയോമെഡിക്കല്‍ വിഭാഗത്തിന്റെയും നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസന പ്രവര്‍ത്തനങ്ങളിലൂടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിനെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജ് എന്ന ഖ്യാതിയിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.  ജില്ലയിലെ ആതുര ചികിത്സാ രംഗത്ത് ഒരു  നാഴികക്കല്ലാകും ട്രോമാ കെയര്‍ വിഭാഗത്തിന്റെയും ബയോ മെഡിക്കല്‍ വിഭാഗത്തിന്റെയും നിര്‍മാണം.
മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സമസ്ത മേഖലകളിലും മെഡിക്കല്‍ കോളേജുകള്‍ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് കൃത്യസമയത്ത് ഏറ്റവും മികച്ച ചികിത്സ നല്‍കാന്‍ ട്രോമാ കെയര്‍ യൂണിറ്റിന്റെയും ബയോമെഡിക്കല്‍ വിഭാഗത്തിന്റെയും പൂര്‍ത്തീകരണത്തോടെ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജി എസ് ജയലാല്‍ എം എല്‍ എ പറഞ്ഞു.
അഞ്ചു കോടി രൂപ ചെലവില്‍ ആധുനിക സംവിധാനങ്ങളോടു കൂടിയാണ് ട്രോമാ കെയര്‍ സംവിധാനം ഒരുക്കുന്നത്. ന്യൂറോ സര്‍ജറി വിഭാഗം, ഓര്‍ത്തോ കെയര്‍, അത്യാഹിത വിഭാഗം ഐ സി യു, 10 കിടക്കകള്‍ വീതമുള്ള മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്ററുകള്‍, എല്ലാ വിഭാഗങ്ങളുടെയും പ്രത്യേകം കാഷ്വാലിറ്റി  ഒ പി കള്‍,  കാത്തിരിപ്പുകേന്ദ്രം, മുലയൂട്ടുന്നതിനുള്ള  മുറി  എന്നീ സൗകര്യങ്ങളോടുകൂടിയാണ് ട്രോമോ കെയര്‍ യൂണിറ്റിന്റെ നിര്‍മാണം.
രണ്ടു കോടി രൂപ ചെലവില്‍  11500 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍  നിര്‍മിക്കുന്ന ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗം  പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങളുടെ  കൃത്യമായ ഇടവേളകളിലുള്ള കാലിബ്രേഷന്‍, അറ്റകുറ്റപ്പണികള്‍ മുതലായവ  സമയബന്ധിതമായും കൃത്യതയോടെ കൂടിയും നടത്താന്‍ കഴിയും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധീപ, പഞ്ചായത്തംഗം ബൈജു ലക്ഷ്മണ്‍,  ആശുപത്രി വികസന സമിതി അംഗങ്ങളായ കെ സേതുമാധവന്‍, പാരിപ്പള്ളി ശ്രീകുമാര്‍, നാഗേഷ്, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലൈല രാജി, സൂപ്രണ്ട് ഡോ ഹബീബ് നസീം, ആര്‍ എം ഒ ഡോ ഷിറില്‍ അഷ്റഫ്, പി ആര്‍ ഒ അരുണ്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.465/2021)
 

date